കാൻബെറ: മാരക വിഷമുള്ള ഫണൽ - വെബ് ചിലന്തികളെ പിടികൂടാൻ ജനങ്ങളുടെ സഹായം തേടി ഓസ്ട്രേലിയൻ മൃഗശാല. ലോകത്തെ ഏറ്റവും അപകടകാരികളായ ചിലന്തി സ്പീഷിസുകളിൽ ഒന്നാണിവ. ജീവൻ രക്ഷാർത്ഥമുള്ള ആന്റി വെനം തയ്യാറാക്കുന്നതിന് ഓസ്ട്രേലിയൻ റെപ്‌റ്റൈൽ പാർക്കാണ് ഫണൽ - വെബ് ചിലന്തികളെ തേടുന്നത്.
രാജ്യത്ത് ഫണൽ - വെബ് സ്പൈഡർ ആന്റി വെനം ഉത്പാദിപ്പിക്കുന്ന ഏക ഇടമാണ് ന്യൂസൗത്ത്‌വെയ്ൽസിലുള്ള പാർക്ക്. ഫണൽ - വെബ് ചിലന്തികൾ മുട്ടയിട്ട് പെരുകുന്ന സീസൺ ആയതിനാലാണ് അധികൃതർ ജനങ്ങളുടെ സഹായം തേടിയത്. എല്ലാവർഷം നവംബറിലും പാർക്ക് ഇത്തരത്തിൽ ജനങ്ങളുടെ സഹായം അഭ്യർത്ഥിക്കാറുണ്ട്. പിടികൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അധികൃതർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.
ഏകദേശം 150 ചിലന്തികളെ കിട്ടിയാലേ ഒരു വയൽ ആന്റി വെനം തയ്യാറാക്കാൻ കഴിയൂ. സിഡ്നിയിലും സമീപ പ്രദേശങ്ങളിലുമാണ് ഫണൽ - വെബ് ചിലന്തികൾ ഏറ്റവും കൂടുതലുള്ളത്. 33 വർഷങ്ങൾക്ക് മുമ്പാണ് ഫണൽ - വെബ് ചിലന്തിയുടെ കടിയെ അതിജീവിക്കാനുള്ള ആന്റിവെനം ഉത്പാദിപ്പിച്ചു തുടങ്ങിയത്. അതിന് മുമ്പ് ന്യൂസൗത്ത്‌വെയ്ൽസിൽ ഫണൽ - വെബ് ചിലന്തിയുടെ കടിയേറ്റ് 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്റി വെനമുള്ളതിനാൽ ഇപ്പോൾ മരണങ്ങൾ സംഭവിക്കുന്നില്ല. വീടിനകത്തും പുറത്തും തണുപ്പുള്ള സ്ഥലങ്ങളിലാണ് ഫണൽ - വെബ് ചിലന്തിയുടെ ആവാസകേന്ദ്രം. ഷൂവിനുള്ളിൽ കയറി പതുങ്ങിയിരിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
അതേ സമയം, ഹൃദയാഘാതം സംഭവിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാനുള്ള ഫലപ്രദമായ മരുന്നും ഫണൽ - വെബ് ചിലന്തിയുടെ വിഷത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഹൃദയാഘാതത്തിന് പിന്നാലെ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന അപായ സന്ദേശം ശരീരം പുറപ്പെടുവിക്കുന്നത് തടയാൻ ഈ വിഷം സഹായിക്കുന്നുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്‌ലൻഡിലെ ഗവേഷകരുടെ കണ്ടെത്തൽ.
ഫണൽ - വെബ് ചിലന്തിയിൽ നിന്ന് ഇവർ വേർതിരിച്ചെടുത്ത പ്രോട്ടീന് ഹൃദയാഘാതത്തിന്റെ സമ്മർദ്ദത്തിൽ അകപ്പെട്ട ഹൃദയ കോശങ്ങളെ നിർജീവമാകുന്നതിൽ നിന്ന് തടയാൻ സാധിക്കുമത്രെ. സ്ട്രോക്കിനെതിരെയും ഫണൽ വെബ് സ്പൈഡറിന്റെ വിഷം ഫലപ്രദമാണെന്ന് നേരത്തെ നടന്ന ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |