
ബംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണമഠം പര്യായോത്സവ ഘോഷയാത്രയിൽ ഉഡുപ്പി ഡെപ്യൂട്ടി കമ്മിഷണർ ടി കെ സ്വരൂപ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി. ഡെപ്യൂട്ടി കമ്മിഷണർ ഏന്തിയത് ആർഎസ്എസിന്റെ പതാകയാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.
ഇക്കഴിഞ്ഞ 18ന് ഷിരൂർ മഠാധിപതി വേദവർദ്ധന തീർത്ഥസ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് ഡെപ്യൂട്ടി കമ്മിഷണർ കാവിപ്പതാകയേന്തിയത്. ഉഡുപ്പിയിലെ ബിജെപി എംഎൽഎ യശ്പാൽ സുവർണ ആർഎസ്എസ് പതാകയാണ് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ആരോപണം ഡെപ്യൂട്ടി കമ്മിഷണർ നിഷേധിച്ചു. 2026-28വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഷിരൂർ മഠത്തിന് കൈമാറുന്നതിന്റെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എട്ട് മഠങ്ങൾ മാറിമാറിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നടത്തുന്നത്. ഭരണച്ചുമതല മാറുന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കാറുണ്ട്. ചടങ്ങുകൾക്ക് വൻ ജനാവലിയും എത്താറുണ്ട്.
നടന്നത് രാഷ്ട്രീയ പരിപാടി ആയിരുന്നില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് പങ്കെടുത്തതെന്നുമാണ് ഡെപ്യൂട്ടി കമ്മിഷണറുടെ വിശദീകരണം. എന്നാൽ സംഭവത്തിൽ ഡെപ്യൂട്ടി കമ്മിഷണറോട് ഔദ്യോഗിക വിശദീകരണം ചോദിച്ചോ എന്നറിയില്ല. അതേസമയം കോൺഗ്രസ് നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. 'ഇതൊരു പരമ്പരാഗത ഹിന്ദു ഉത്സവമാണ്. അവിടെ ഉപയോഗിക്കുന്ന പതാക വെറുമൊരു പതാകയാണ്. അത് പാകിസ്ഥാന്റെ പതാകയല്ല. അങ്ങനെയുള്ള പതാക ഡെപ്യൂട്ടി കമ്മിഷണർ ഏന്തിയതിൽ ഒരു തെറ്റും കാണുന്നില്ല'- ഒരു ബിജെപി നേതാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |