
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ട്വന്റി-20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെ പാകിസ്ഥാനും പിന്മാറിയേക്കാമെന്നാണ് സൂചന. ഇന്ത്യ വേദിയാകുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്‌ലൻഡിനെ ഇതിനോടകം ഐസിസി ഉൾപ്പെടുത്തിക്കഴിഞ്ഞു.
ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് മാറ്റിയ ഐസിസിയുടെ തീരുമാനത്തെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി രൂക്ഷമായി വിമർശിച്ചിരുന്നു. പാകിസ്ഥാൻ ലോകകപ്പിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക പാക് സർക്കാരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ ഐസിസിയെ അല്ല, പാകിസ്ഥാൻ സർക്കാരിനെയാണ് അനുസരിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അദ്ദേഹവുമായി കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ,' മൊഹ്സിൻ നഖ്‌വി പറഞ്ഞു. പാകിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ ഗ്രൂപ്പ് എയിൽ അവർക്ക് പകരക്കാരായി ഉഗാണ്ട ലോകകപ്പിനെത്താനാണ് സാദ്ധ്യത. ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യുഎസ്എ എന്നിവരടങ്ങുന്ന ഗ്രൂപ്പിലേക്കായിരിക്കും ഉഗാണ്ടയുടെ പ്രവേശം. നിലവിൽ ഐസിസി ട്വന്റി-20 റാങ്കിംഗിൽ 21ാം സ്ഥാനത്താണ് ഉഗാണ്ട. നേരത്തെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടന്ന 2024ലെ ലോകകപ്പിലും ഉഗാണ്ട പങ്കെടുത്തിരുന്നു.
ഒരു ടീം പിന്മാറുമ്പോൾ ഐസിസി റാങ്കിംഗിൽ മുന്നിലുള്ള ടീമുകളെയാണ് പകരക്കാരായി പരിഗണിക്കുന്നത്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലൻഡ് എത്തിയത് ഈ മാനദണ്ഡപ്രകാരമാണ്. പാകിസ്ഥാൻ കൂടി പിന്മാറിയാൽ റാങ്കിംഗിൽ മുന്നിലുള്ള അടുത്ത ടീം എന്ന നിലയിലാണ് ഉഗാണ്ടയുടെ സാദ്ധ്യത തെളിയുന്നത്. ബംഗ്ലാദേശിന്റെ പിന്മാറ്റത്തോടെ ഗ്രൂപ്പ് സിയിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ എന്നിവർക്കൊപ്പം സ്‌കോട്ട്ലൻഡ് ഇടംപിടിച്ചു കഴിഞ്ഞു. പാകിസ്ഥാന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ ഐസിസി കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |