
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടപ്പാതകളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ കരമന ജയനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. പാളയം മുതൽ പുളിമൂട് വരെ പാതയിൽ തടസം സൃഷ്ടിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു.
അനുമതിയില്ലാതെ ഫ്ളക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയാണ് പിഴയിട്ടത്. അനധികൃതമായി സ്ഥാപിച്ചവ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് കോർപ്പറേഷൻ ഭരിക്കുന്ന പാർട്ടിക്ക് തന്നെ പിഴ ചുമത്താൻ മുതിർന്നത്.
ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളടങ്ങിയ ബോർഡുകളും ബാനറുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. നടപ്പാതകളിലും ഡിവൈഡറുകളിലും അടക്കം വഴിമുടക്കി ഫ്ളക്സ് സ്ഥാപിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കത്ത് നൽകി. എന്നാൽ നടപ്പാതയ്ക്ക് കുറുകെ സ്ഥാപിച്ച ബോർഡുകൾ മാറ്റിയെങ്കിലും മറ്റെല്ലാം അതുപോലെ തുടർന്നു. ഇതേത്തുടർന്നാണ് കോർപ്പറേഷൻ സെക്രട്ടറി പിഴ നോട്ടീസ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |