തിരുവനന്തപുരം:ഉപഗ്രഹ റോക്കറ്റുകളുടെ ശേഷി ഇരട്ടിയാക്കാൻ ഐ.എസ്.ആർ.ഒ വികസിപ്പിച്ച മണ്ണെണ്ണ ചേർത്ത ഇന്ധനത്തിന്റെയും അതുപയോഗിച്ചുള്ള സെമി ക്രയോജനിക് എൻജിന്റെയും പരീക്ഷണം വിജയം. ഇതോടെ ബാഹുബലി എന്ന ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റിന്റെ ഉപഗ്രഹ വിക്ഷേപണ ശേഷി 6,000 മുതൽ 10,000കിലോഗ്രാം വരെ വർദ്ധിപ്പിക്കാം. നിലവിൽ 4,000 കിലോയാണ് ശേഷി.
തമിഴ്നാട്ടിൽ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ളക്സിൽ പുതുതായി നിർമ്മിച്ച ടെസ്റ്റ് സെന്ററിലാണ് 15 മണിക്കൂർ നീണ്ട പരീക്ഷണം നടത്തിയത്. എൻജിന്റെ എല്ലാ പ്രവർത്തനങ്ങളും പൂർണ വിജയമായിരുന്നു. ഉയർന്ന മർദ്ദത്തിലും താഴ്ന്ന മർദ്ദത്തിലും ടർബോ പമ്പുകൾ,ഗ്യാസ് ജനറേറ്റർ,കൺട്രോൾ സംവിധാനങ്ങൾ,പ്രൊപ്പലന്റ് ഫീഡ് സിസ്റ്റം തുടങ്ങിയവ പരീക്ഷിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിനാണ് ജിഎസ്എൽവി മാർക്ക് മൂന്നിൽ ഉപയോഗിച്ചത്. ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ഇന്ധനം. സെമി ക്രയോജനിക് എൻജിനിൽ ഹൈഡ്രജനു പകരം ശുദ്ധീകരിച്ച മണ്ണെണ്ണയാണ്. ഇതിന് ഇസ്രോസീൻ എന്നാണ് ശാസ്ത്രജ്ഞർ നൽകിയ പേര്.
ഇതോടെ റോക്കറ്റിന്റെ ത്രസ്റ്റ് 725കിലോന്യൂട്ടണിൽ നിന്ന് 2000കിലോ ന്യൂട്ടണായി വർദ്ധിക്കും. അതിന്റെ ടർബോ പവർ 36മെഗാവാട്ടായും ഉയരും.നിലവിലുള്ള റോക്കറ്റുകളുടെ വികാസ് എൻജിന് 5 മെഗാവാട്ടാണ് ടർബോ പവർ.
റഷ്യയും അമേരിക്കയും ശുദ്ധീകരിച്ച ഏവിയേഷൻ ഗ്രേഡ് മണ്ണെണ്ണയാണ് റോക്കറ്റുകളിൽ ഉപയോഗിക്കുന്നത്.
ചന്ദ്രദൗത്യത്തിൽ തുടർച്ചയായി പരാജയപ്പെട്ട അമേരിക്ക വിജയിച്ചത് ശുദ്ധീകരിച്ച മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ചപ്പോഴാണ്.
മണ്ണെണ്ണയോ ഹൈഡ്രസിനോ മികച്ചതെന്ന ആശയകുഴപ്പത്തിൽ ഏതാനും വർഷം പാഴാക്കിയ സോവിയറ്റ് യൂണിയന് ബഹിരാകാശമേഖലയിൽ ഒന്നാംസ്ഥാനം നഷ്ടമാക്കി.
വികസിപ്പിച്ചത് എൽ.പി.എസ്.സി
സെമി ക്രയോജനിക് എൻജിനും മണ്ണെണ്ണ ഇന്ധനവും വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ( എൽ.പി.എസ്.സി ) ആണ്. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ് എൽ.പി.എസ്.സി.ഡയറക്ടറായിരുന്നപ്പോൾ 2007ലാണ് പദ്ധതി ആരംഭിക്കുന്നത്.
നിസ്സാരനല്ല മണ്ണെണ്ണ
പെട്രോളിയത്തിൽ നിന്ന് വേർതിരിക്കുന്ന ഹൈഡ്രോകാർബൺ ദ്രാവകമാണ് മണ്ണെണ്ണ.റേഷൻ മണ്ണെണ്ണ ആയാലും വിമാന, റോക്കറ്റ് ഇന്ധനമായാലും വ്യത്യാസം അതിലെ സൾഫർ പോലുള്ള മറ്റു വസ്തുക്കളുടെ അളവാണ്.റേഷൻ മണ്ണെണ്ണയിൽ നൂറിൽ ഒരംശം വരെ മറ്റു മാലിന്യങ്ങൾ ഉണ്ടാവാം.ഏവിയേഷൻ ഇന്ധനത്തിൽ സൾഫറും മാലിന്യങ്ങളും പതിനായിരത്തിൽ ഒരംശമാക്കി ശുദ്ധീകരിക്കും.റോക്കറ്റ് ഇന്ധന മണ്ണെണ്ണയിൽ പത്തുലക്ഷത്തിൽ ഒരംശം എന്നതോതിൽ പോലും മാലിന്യങ്ങൾ ഉണ്ടാവില്ല. അടിസ്ഥാനപരമായി എല്ലാം മണ്ണെണ്ണയാണ്. ശുദ്ധിയുടെ നിലവാരത്തിൽ റോക്കറ്റ് പ്രൊപ്പലന്റ് 1,ജെറ്റ് എ, ജെറ്റ് പ്രൊപ്പലന്റ് 5 എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇതിൽ റോക്കറ്റ് പ്രൊപ്പലന്റ് 1 ഗ്രേഡ് മണ്ണെണ്ണയാണ് സെമി ക്രയോജനിക് എൻജിനിൽ ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |