മുംബയ്: അടുത്തമാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കൊഹ്ലി കളിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ കൊഹ്ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുള്ള സന്നദ്ധത അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു സീനിയര്‍ താരം ടീമില്‍ വേണമെന്നും അതിനാല്‍ വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കണമെന്നും ബിസിസിഐ കൊഹ്ലിയോട് ആവശ്യപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിരാട് കൊഹ്ലിക്ക് തുടര്‍ന്നും ടെസ്റ്റ് ടീമില്‍ കളിക്കാന്‍ താത്പര്യമുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മ വിരമിച്ച സാഹചര്യത്തില്‍ 36കാരനായ കൊഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ആവശ്യപ്പെട്ടുവെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കൊഹ്ലിയുടെ ഈ ആവശ്യം അംഗീകരിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഇതോടെയാണ് വിരാട് കൊഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചത്.
വിരാട് കൊഹ്ലി മുമ്പ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണ്. ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ താരത്തോട് ഏകദിന ടീമിന്റെ നായകസ്ഥാനവും ഒഴിയാനും എന്നാല്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് തുടരാനും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട കൊഹ്ലി ടെസ്റ്റ് ടീമിന്റെ ചുമതലയും ഒഴിയുകയായിരുന്നു. 36കാരനായ താരം ഇനി എന്തായാലും അധികകാലം ടെസ്റ്റ് ക്രിക്കറ്റില്‍ തുടരില്ല. താരത്തിന്റെ ഫോമും കുറച്ച് കാലമായി അത്രമികച്ചതല്ല, ഇതാണ് താരത്തെ നായകസ്ഥാനം ഏല്‍പ്പിക്കുന്നതിനുള്ള തടസ്സമായി ബിസിസിഐ കാണുന്നത്.
രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി ഒരു യുവതാരത്തെ നായകസ്ഥാനത്ത് കൊണ്ടുവരാനാണ് ബിസിസിഐക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും താത്പര്യം. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകള്‍ക്കാണ് നായകസ്ഥാനത്തേക്ക് മുന്‍തൂക്കം. കെഎല്‍ രാഹുലിനേയും പരിഗണിക്കുന്നുണ്ട്. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുത്തന്‍ സൈക്കിള്‍ ആരംഭിക്കുകയാണ്. ഭാവി കൂടി മുന്നില്‍ക്കണ്ടാണ് നായകനായി ഒരു യുവതാരം എന്ന തീരുമാനത്തിലേക്ക് ബിസിസിഐ നീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |