ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് കരൂരിൽ നടത്തിയ റാലിയിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധാന ചുമതലയുളള എഡിജിപി ഡേവിഡ്‌സൺ ദേവാശിർവാദം. ഇന്നലെയുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന് അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവരങ്ങളെല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
'ഇന്നലെ രാവിലെ പത്തുമണി മുതൽ ആളുകൾ വന്നു തുടങ്ങിയിരുന്നു. നേരത്തെയും ഇതേ സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലി നടത്തിയിരുന്നു. 500 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചതാണ്. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികൾ അറിയിച്ചത്. 15,000 മുതൽ 20,000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചത്. ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചിരുന്നു.
റാലിക്കാവശ്യമായ എല്ലാ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. 25,000 മുതൽ 30,000ത്തിനടുത്ത് ആളുകള്‍ എത്തിയെന്നാണ് കണക്ക്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള്‍ വിജയ്‌യുടെ വാഹനം പിന്തുടർന്നത് തിക്കും തിരക്കും കൂടാൻ കാരണമായി. ആളുകള്‍ സ്ഥലത്തുനിന്ന് പോകാതെ മുന്നോട്ട് നീങ്ങിയതും പ്രശ്നമുണ്ടാക്കി. ഉച്ചയ്ക്ക് 12 മണിക്ക് വിജയ് എത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ വൈകിട്ട് ഏഴുമണിയോടെയാണ് എത്തിയത്. വെള്ളം പോലും കുടിക്കാതെ ആളുകള്‍ അവിടെ കാത്തിരുന്നു. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- എഡിജിപി പറഞ്ഞു.
ഇന്നലെയുണ്ടായ ദുരന്തത്തിൽ നിലവിൽ 39 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും മരണപ്പെട്ടു. 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരിൽ 28 പേരും കരൂർ സ്വദേശികളാണ്. എന്നാൽ പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ നടനും ടിവികെ നേതാവുമായ വിജയ് മടങ്ങിയത് വിവാദമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |