ചെന്നൈ: കരൂരിലെ ആശുപത്രി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കരൂരിൽ നടന്നത് വിവരിക്കാൻ സാധിക്കാത്ത ദുരന്തമാണെന്ന് സ്റ്റാലിൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവമാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രി വിവരം അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകേണ്ടതുണ്ട്. അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകും. വിജയ‌്‌യെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ പറയാനാകില്ല. അന്വേഷണത്തിൽ സത്യം വ്യക്തമാകട്ടെ'- സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി, ദുരന്തത്തിൽ മരിച്ചവർക്ക് മോർച്ചറിയിലെത്തി അന്തിമോപചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടത്തിയതിനു ശേഷമാണ് മടങ്ങിയത്.
ഇന്നലെയുണ്ടായ ദുരന്തത്തിൽ നിലവിൽ 39 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ 17 പേർ സ്ത്രീകളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും മരണത്തിനിരയായി. 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരിൽ 28 പേരും കരൂർ സ്വദേശികളാണ്. എന്നാൽ പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് മടങ്ങിയത് വിവാദമായിരിക്കുകയാണ്. മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറി ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയത്. വിജയ്‌യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
സംഭവത്തിൽ ഔദ്യോഗിക എക്സ് പേജിലൂടെ വിജയ് പ്രതികരിച്ചിരുന്നു. ഹൃദയം തകർന്നിരിക്കുകയാണെന്നും വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത വേദനയുണ്ടെന്നുമാണ് നടൻ പ്രതികരിച്ചത്. 'എന്റെ ഹൃദയം തകർന്നിരിക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഇത് എഴുതുന്നത്. കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു'- വിജയ് കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |