ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ കോളിളക്കം ലക്ഷ്യമിട്ട് ടി.വി.കെ അദ്ധ്യക്ഷനും തമിഴ് സൂപ്പർതാരവുമായ വിജയ് സംഘടിപ്പിച്ച പ്രചാരണ റാലി വലിയ ദുരന്തത്തിൽ കലാശിച്ചു. കരൂരിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചു. ഇവരിൽ ആറ് കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. അറുപതിലേറെപ്പേർക്ക് പരിക്കേറ്റു. 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം.
അപകടം ഉണ്ടായതിനുപിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നുമടങ്ങി. രാത്രി തന്നെ ചെന്നൈയിലേക്ക് പോയി. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. റാലിയുടെ സംഘാടകർക്കെതിരെ കരൂർ പൊലീസ് കേസെടുത്തു. വിജയ്‌ക്കെതിരെയും കേസെടുത്തേക്കും. തമിഴ്നാട് സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റാലി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. താരത്തിന്റെ അംഗരക്ഷകർ ആരാധകരെ തള്ളിമാറ്റിയതും ജനം ഇളകാൻ കാരണമായെന്ന് റിപ്പോർട്ടുണ്ട്.
നാമക്കലിൽ തുടങ്ങിയ രാഷ്ട്രീയ പ്രചാരണ യാത്ര ഏറെ വൈകി ഇന്നലെ രാത്രിയോടെയാണ് കരൂരിൽ പ്രവേശിച്ചത്. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകർ പ്രിയ താരത്തെ അടുത്തു കാണുന്നതിന് തിക്കിത്തിരക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണവർ ചവിട്ടേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തുവച്ചു തന്നെ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ് വാഴ്ക വിളികൾ നിറഞ്ഞുനിന്ന പ്രദേശം പെട്ടെന്ന് കൂട്ടനിലവിളിയിൽ മുങ്ങി.
ആംബുലൻസിന് നീങ്ങാൻ
കഴിയാതെ ജനക്കൂട്ടം
കരൂർ മെഡിക്കൽ കോളേജിലും സമീപ ആശുപത്രികളിലുമാണ് അപകടത്തിൽ പെട്ടവരെ എത്തിച്ചത്. ജനക്കൂട്ടത്തിനിടയിലൂടെ ആംബുലൻസുകൾ കടത്തിവിടാനാകാത്ത സ്ഥിതിയായിരുന്നു. പൊലീസും പാർട്ടി പ്രവർത്തകരും നന്നേ പാടുപെട്ടാണ് വഴിയൊരുക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് അപകടത്തിന്റെ ആക്കം കൂട്ടി. സംഭവം നടന്ന് രണ്ടു മണിക്കൂർ കഴിഞ്ഞും പരിക്കേറ്റവരുമായി ആംബുലൻസുകൾ ആശുപത്രികളിൽ എത്തുന്നുണ്ടായിരുന്നു. ഉറ്റവരുടെ വേർപാടിൽ ബന്ധുക്കൾ നെഞ്ചത്തടിച്ചു നിലവിളിക്കുകയാണ്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ജില്ലാ കളക്ടറും സംഭവസ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
വിവരം അറിഞ്ഞയുടൻ മന്ത്രി അൻപിൽ മഹേഷ്, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരോട് ആശുപത്രിയിലെത്താൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദ്ദേശം നൽകി. സ്റ്റാലിൻ ഇന്നു രാവിലെ സംഭവസ്ഥലത്തെത്തും.
യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായം നൽകുന്നുണ്ട്. സർക്കാർ എല്ലാ ചികിത്സാ സംവിധാനവും ഒരുക്കി. പൊതുജനങ്ങൾ ഡോക്ടർമാരുമായും പൊലീസുമായും സഹകരിക്കണം
- മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവരുടെ തീരാദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കൊപ്പം രാജ്യമുണ്ട്
- പ്രധാനമന്ത്രി നരേന്ദ്ര മോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |