ബംഗളൂരു: കർണ്ണാടകയിൽ മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി.ജെ.പി വിട്ടത് സീറ്റ് നിഷേധിച്ചത് കൊണ്ട് മാത്രമല്ലെന്ന് സൂചന. ബി.ജെ.പിയെ താങ്ങിനിറുത്തിയ പ്രമുഖ സമുദായമായ ലിംഗായത്ത് വിഭാഗം ഒന്നാകെ കോൺഗ്രസിനൊപ്പം പോകുന്ന കാഴ്ചയാണിപ്പോൾ കർണ്ണാടകത്തിൽ.
കഴിഞ്ഞ കുറച്ചു കാലമായി ലിംഗായത്ത് സമുദായം ബി.ജെ.പി സർക്കാരിൽ നിന്ന് നേരിടുന്ന അവഗണനയുടെ പൊട്ടിത്തെറിയാണ് ഷെട്ടാറിന്റെ ഇറങ്ങിപ്പോക്കെന്നാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ നൽകുന്ന സൂചന. ലിംഗായത്ത് സമുദായ നേതാക്കളെ പാർട്ടിയിൽ നിന്ന് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഷെട്ടാർ പ്രതികരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ബി.എസ്. യെദിയൂരപ്പ മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. തങ്ങൾക്ക് സീറ്റ് നിഷേധിച്ചുവെന്ന പേരിൽ ജഗദീഷ് ഷെട്ടാറും ലക്ഷ്മൺ സാവദിയും പാർട്ടി വിട്ടു. ഇതെല്ലാം അധിക്ഷേപമായാണ് ലിംഗായത്തുകാർ കാണുന്നത്. ഷെട്ടാറിന് സീറ്റ് നിഷേധിക്കാനുള്ള കാരണം പോലും ബി.ജെ.പി വെളിപ്പെടുത്തിയിട്ടില്ല. വടക്കൻ കർണ്ണാടകയിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ സ്വാധീനമുള്ള നേതാവാണ് ഷെട്ടാറെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പ്രസ്താവിച്ചത് ലിംഗായത്ത് സമുദായത്തെ ലക്ഷ്യം വച്ച് തന്നെയായിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും സംഘാടനത്തിലും ബി.ജെ.പിയെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന കോൺഗ്രസിന് ഷെട്ടാറിന്റെ കടന്ന് വരവ് നൽകുന്നത് വലിയൊരു ആശ്വാസമാണ്. ലിംഗായത്ത് സമുദായത്തിൽ പാർട്ടിയുടെ പഴയ പ്രതാപം ഊട്ടിയുറപ്പിക്കാനും രാഹുൽ ഗാന്ധി നിർദ്ദേശിച്ചത് പോലെ 150ലധികം സീറ്റുനേടി കോൺഗ്രസിന്റെ നില ഭദ്രമാക്കാനും ലിംഗായത്ത് സമുദായത്തെ ഒപ്പം നിറുത്തുന്നതിലൂടെ കോൺഗ്രസിന് സാധിക്കും.
യെദിയൂരപ്പയുടെ വിശ്വസ്തനായിരുന്ന മറ്റൊരു ലിംഗായത്ത് നേതാവ് ലക്ഷ്മൻ സാവദിയും ഷെട്ടാറും തങ്ങളുടെ അനുയായികളെ കൂടി കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പാർട്ടി വിട്ടു വരുന്നവരെ സ്വീകരിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലും ഡി.സി.സി പ്രസിഡന്റുമാർക്കാണ് സ്വീകരണ പരിപാടിയുടെ ചുമതല.
1989ൽ 178 സീറ്റുകളോടെ കോൺഗ്രസ് നേടിയ മൃഗീയ ഭൂരിപക്ഷം ആവർത്തിക്കാനാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 1990ൽ വീരേന്ദ്ര പാട്ടീലിന്റെ അപ്രതീക്ഷിത വിജയത്തിന് ശേഷം ലിംഗായത്ത് വോട്ട് ബാങ്ക് കോൺഗ്രസിനെ കൈവിട്ടു. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമായാണ് കോൺഗ്രസ് കാണുന്നത്. യെദിയൂരപ്പയും സജീവ രാഷ്ട്രീയത്തോട് വിട പറഞ്ഞതോടെ ലിംഗായത്തിലേക്കുള്ള എല്ലാ വാതിലുകളും ബി.ജെ.പിക്ക് മുന്നിൽ അടഞ്ഞു. അഴിമതി ആരോപണത്തിൽ മുങ്ങി നിൽക്കുന്ന സർക്കാരിന് ഷെട്ടാറിന്റെയും സാവദിയുടെയും ഇറങ്ങിപ്പോക്ക് ഏത് രീതിയിലാണ് തിരിച്ചടിയാവുകയെന്നത് കാത്തിരുന്ന് കാണണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |