ജമ്മു കാശ്‌മീർ: ഇന്ത്യക്കെതിരെ ആക്രമണത്തിനായി പാകിസ്ഥാൻ, ഡ്രോണുകളും മിസൈലുകളും അയച്ചത് തങ്ങളുടെ വ്യോമപാത അടയ്‌ക്കാതെ. സാധാരണ യാത്രാവിമാനങ്ങളെ മറയാക്കിയായിരുന്നു പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ ആക്രമണ ശ്രമം. കേന്ദ്ര സർക്കാരാണ് ഇക്കാര്യം പുറത്തുവിട്ടത്. വ്യാഴാഴ്‌ച രാത്രിയിൽ ജമ്മു, പത്താൻകോട്ട്, ഉദ്ദംപൂർ എന്നീ നഗരങ്ങളിൽ പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചു. ഈ ശ്രമങ്ങളെല്ലാം ഇന്ത്യ മിസൈൽ പ്രതിരോധം വഴി തകർത്തു.
പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ നടപടിയുടെ രേഖ കേണൽ സോഫിയാ ഖുറേഷിയാണ് പുറത്തുവിട്ടത്. ഈ സമയം ഇന്ത്യയിൽ വ്യോമഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിൽ കറാച്ചി മുതൽ ലാഹോർ വരെ അപ്പോഴും വ്യോമഗതാഗതം നടക്കുകയായിരുന്നു. ഈ സമയം നിരവധി ദേശീയ, അന്തർദേശീയ വിമാനങ്ങൾ ഈ റൂട്ടിൽ പറക്കുകയായിരുന്നെന്ന് ഇതേ വാർത്താ സമ്മേളനത്തിൽ വിംഗ് കമാൻഡർ വ്യോമിക സിംഗും അറിയിച്ചു. പാകിസ്ഥാന്റെ ഈ ആക്രമണങ്ങൾക്കെതിരെ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്.
26 ഇന്ത്യൻ സേനാ താവളങ്ങൾ പാകിസ്ഥാൻ സേന ലക്ഷ്യമിട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയാ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യ ഇതിന് ശക്തമായ തിരിച്ചടി നൽകി. ഭട്ടിൻഡ സൈനിക താവളം ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകളും ആയുധങ്ങളുമാണ് ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചത്. പാകിസ‌്ഥാന്റെ നാന്നൂറോളം ഡ്രോണുകൾ ഇന്ത്യ തകർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |