ബംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ പെട്രോൾ പമ്പിൽ വച്ച് മൈബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ
തീപടർന്ന് യുവതിക്ക് ദാരുണാന്ത്യം. 18കാരിയായ ഭവ്യയാണ് മരിച്ചത്. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒപ്പമുണ്ടായ മാതാവ് രത്നമ്മ പൊള്ളലേറ്റ് ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും രത്നമ്മയും പെട്രോൾ വാങ്ങുന്നതിനായി സ്‌കൂട്ടറിൽ പമ്പിലെത്തുന്നു. ഭവ്യ ഫോൺ ചെയ്തുകൊണ്ട് സ്കൂട്ടറിൽ ഇരിക്കവെ രത്നമ്മ സ്കൂട്ടറിൽ നിന്നിറങ്ങി അല്പം മാറി നിന്നു. പമ്പ് ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഭവ്യയെ ഉടൻ തന്നെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ രത്നമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ബഡവനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |