SignIn
Kerala Kaumudi Online
Thursday, 19 February 2026 1.56 AM IST

കോൺഗ്രസ് കടപൂട്ടി , ബി.ജെ.പിക്ക് 370 : മോദി

Increase Font Size Decrease Font Size Print Page

modi

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ചും പ്രതിപക്ഷത്ത് കോൺഗ്രസ് കടപൂട്ടിയിരിപ്പാണെന്ന് പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി 370ൽ കൂടുതൽ സീറ്റ് നേടും. എൻ.ഡി.എ 400 കടക്കും. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പത്തു വർഷത്തെ നേട്ടങ്ങൾ മോദി എണ്ണിപ്പറഞ്ഞു. പ്രതിപക്ഷം ദീർഘകാലം അവിടെ ഇരിക്കേണ്ടിവരുമെന്ന് പറഞ്ഞ് ആക്രമിച്ച മോദിയുടെ ഉന്നം കോൺഗ്രസ് ആയിരുന്നു. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ നേതാക്കളെയും കുടുംബ രാഷ്‌ട്രീയത്തെയും യു.പി.എ സർക്കാർ നയങ്ങളെയും വിമർശിച്ചു.

ബി.ജെ.പിയുടെ വെറുപ്പിന്റെ ചന്തയിൽ കോൺഗ്രസ് സ്‌നേഹത്തിന്റെ കട തുറന്നുവെന്ന ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ് കട തുറന്നയുടൻ താഴിട്ടെന്ന പരാമർശം. ഉൽപന്നങ്ങൾ മാറി മാറി ഇറക്കുന്ന കോൺഗ്രസ് നന്നാവാൻ സമയമെടുക്കും. നേതാക്കൾ മാറിയെങ്കിലും ടേപ്പ് റെക്കാർഡർ പോലെ പഴയവ ആവർത്തിക്കുന്നു. പുതിയ കാര്യങ്ങളുമായി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഞാൻ പഠിപ്പിക്കാം.

കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയെല്ലാം എതിർക്കുന്നു. ഇതൊന്നും മോദിക്ക് വേണ്ടിയല്ല, രാജ്യത്തിനായാണ്. ഇത്ര വെറുപ്പ് എന്തിനാണ്. രാജ്യത്തിന്റെ ഭാവിയെയാണ് അവർ തള്ളുന്നത്. ഈ പദ്ധതികൾ കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ യാഥാർത്ഥ്യമാകാൻ നൂറു വർഷമെങ്കിലും വേണ്ടിവരും.

ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ രാഷ്‌ട്രീയത്തിലിറങ്ങുന്നത് തെറ്റല്ല. പക്ഷേ കുടുംബം രാഷ്‌ട്രീയ പാർട്ടി നടത്തുന്നതും നിയന്ത്രിക്കുന്നതും രാജ്യത്തിന് ഗുണം ചെയ്യില്ല. അദ്ധ്യക്ഷ പദവി കുടുംബക്കാർക്ക് കൈമാറുന്നു. അവസരം ലഭിക്കാതെ ഗുലാം നബി പാർട്ടി വിട്ടു.

കേന്ദ്രസർക്കാരിൽ ഒ.ബി.സി പ്രാതിനിധ്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ, ഭാരതരത്നം ലഭിച്ച പിന്നാക്ക നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ കർപ്പൂരി താക്കൂറിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന ആരോപണം കൊണ്ട് നേരിട്ടു. യു.പി.എ കാലത്തെ ഉപദേശക സമിതിയിൽ എത്ര ഒ.ബി.സിക്കാരുണ്ടായിരുന്നുവെന്നും ചോദിച്ചു.

പ്രതിപക്ഷത്തെ കോൺഗ്രസ് തളർത്തി. 10 വർഷം പ്രതിപക്ഷം പരാജയമാണ്. പുതിയ അലയൻസിന്റെ (മുന്നണിയുടെ) അലൈൻമെന്റ് (പൊരുത്തം) തെറ്റി. മുന്നണിക്കുള്ളിൽ ആർക്കും പരസ്‌പര വിശ്വാസമില്ല. ഇവരെ എങ്ങനെ ജനങ്ങൾ വിശ്വസിക്കുമെന്നും മോദി ചോദിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY