ബംഗളൂരു: കർണാടകത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വൻ രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കി എൻ.ഡി. എയെ പ്രതിരോധത്തിലാക്കിയ ലൈംഗിക വിവാദത്തിൽ സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ എം.പിയും ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ ( 33) പാർട്ടി സസ്‌പെൻഡ് ചെയ്‌തു. പ്രജ്വലിന് കാരണം കാണിക്കൽ നോട്ടീസും നൽകി.
മുൻ പ്രധാനമന്ത്രിയും ജെ. ഡി. എസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്ജ്വൽ. പ്രജ്ജ്വലിന്റെ പിതാവും ( ദേവഗൗഡയുടെ പുത്രൻ ) മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരെയും ലൈംഗിക പരാതിയുണ്ട്. രേവണ്ണ ഹോളെനാരസിപുര എം. എൽ.എ ആണ്.
ശനിയാഴ്ച വീഡിയോകൾ പുറത്തു വന്നതിന് പിന്നാലെ പ്രജ്ജ്വൽ ജർമ്മനിയിലേക്ക് കടന്നു.
പ്രജ്ജ്വൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതുൾപ്പെടെ നൂറുകണക്കിന് അശ്ലീല വീഡിയോകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. നിരവധി പെൻഡ്രൈവുകളിലായി മൂവായിരത്തോളം അശ്ലീല വിഡിയോകളാണുള്ളതെന്ന് റിപ്പോർട്ടുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രജ്ജ്വൽ തന്നെ പകർത്തിയതാണെന്നും ഇതുപയോഗിച്ച് സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്‌തതായും ആരോപണമുണ്ട്.പാർട്ടി കോർ കമ്മിറ്റി യോഗമാണ് സസ്പെൻഷൻ തീരുമാനമെടുത്തത്.
പ്രജ്വൽ രേവണ്ണയെയും പിതാവ് എച്ച്.ഡി. രേവണ്ണയെയും പുറത്താക്കണമെന്ന് എം.എൽ.എ.മാർ ആവശ്യപ്പെട്ടിരുന്നു. ദേശീയ വനിതാ കമ്മിഷനും ഇടപെട്ടു. 2019നും 2022നുമിടയിൽ പ്രജ്വലും പിതാവും പലതവണ പീഡിപ്പിച്ചെന്നുകാട്ടി ഇവരുടെ വീട്ടുജോലിക്കാരി നൽകിയ പരാതിയിൽ പൊലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്‌തു. പ്രജ്ജ്വൽ തന്റെ മകളോടും മോശമായി പെരുമാറിയതായും ഭാര്യ വീട്ടിൽ ഇല്ലാത്തപ്പോഴാണ് രേവണ്ണ തന്നെ പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്.
തിരഞ്ഞെടുപ്പിൽ മാരകമായ രാഷ്‌ട്രീയ ആയുധം വീണുകിട്ടിയ സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ ഉടൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്‌തു.
26ന് ഹാസൻ മണ്ഡലത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്നാണ് ( ശനി) അശ്ലീല വീഡിയോകൾ പ്രചരിച്ചത്. അന്ന് തന്നെ ജർമ്മനിയിലേക്ക് കടന്ന പ്രജ്ജ്വലിനെ തിരികെ കൊണ്ടുവരാൻ വിദേശമന്ത്രാലയം ഇടപെടണമെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ അൽക്ക ലാംബ ആവശ്യപ്പെട്ടു.
തനിക്ക് ലഭിച്ച പെൻഡ്രൈവിൽ നൂറുകണക്കിന് വീഡിയോകളുണ്ടെന്നും ചിലതിൽ പ്രജ്വലിനെ വ്യക്തമായി കാണാമെന്നും സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ നാഗലക്ഷ്മി ചൗധരി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് എച്ച്.ഡി. രേവണ്ണ ആരോപിച്ചു.
പുറത്തുവിട്ടത് മുൻ ഡ്രൈവർ
പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് റെഡ്ഡിയാണ് വീഡിയോകൾ പുറത്തുവിട്ടതെന്നും ഇയാൾ ദൃശ്യങ്ങൾ ബി.ജെ.പി നേതാവ് ദേവരാജഗൗഡക്കാണ് കൈമാറിയതെന്നും റിപ്പോർട്ടുണ്ട്. പതിനഞ്ച് വർഷം രേവണ്ണയുടെ കുടുംബ ഡ്രൈവറായിരുന്ന കാർത്തിക് കഴിഞ്ഞ വർഷമാണ് തെറ്റിപ്പിരഞ്ഞത്. പ്രജ്വലിന്റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ എയർഡ്രോപ്പ് ചെയ്‌തെടുത്തു. വിഡിയോ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും കാർത്തിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |