ലക്‌നൗ: ഹാഥ്റസിൽ 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്‌ച വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സിക്കന്ദറാവു ജില്ലാ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം), സർക്കിൾ ഓഫിസർ, സബ് ഇൻസ്‌പെക്ടർ, തഹസിൽദാർ, കചോര, പോറ മേഖലകളുടെ സുരക്ഷാച്ചുമതലയുള്ള രണ്ട് പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ ദുരന്തത്തിന് ഉത്തരവാദികളാണ്. എസ്.ഡി.എം സത്‌സംഗ് നടന്ന സ്ഥലം സന്ദർശിക്കുകയോ മേലധികാരികളെ വിവരമറിയിക്കുകയോ ചെയ്തില്ല. പരിപാടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സംഘാടകരും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും പൊലീസും വീഴ്ച വരുത്തി. പരിപാടിയുടെ സംഘാടകരും കുറ്റക്കാരനാണ്. ഇവർ പരിപാടി ഗൗരവത്തോടെയല്ല കണ്ടത്. മുതിർന്ന ഉദ്യോഗസ്ഥരെയും അറിയിച്ചില്ല.
അനുവദിച്ചതിലും അധികം ആളുകളെത്തിയതാണ് ദുരന്തത്തിന് പ്രധാന കാരണം. രണ്ടു ലക്ഷത്തിലേറെപ്പേർ പ്രാർത്ഥനയ്‌ക്കെത്തി. ഉദ്യോഗസ്ഥർ, ദൃക്‌സാക്ഷികൾ തുടങ്ങി 125 വ്യക്തികളുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചു. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ, വീഡിയോ, ഫോട്ടോഗ്രാഫുകൾ, വീഡിയോ ക്ലിപ്പിംഗുകൾ എന്നിവയും ശേഖരിച്ചു. എന്നാൽ 300 പേജുള്ള റിപ്പോർട്ടിൽ എവിടെയും സത്‌സംഗിന് നേതൃത്വം നൽകിയ ഭോലെ ബാബയുടെ പേരില്ല.
എന്നാൽ ഭോലെ ബാബയുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് റിപ്പോർട്ടിൽ സൂചനയുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ചും പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ഒൻപതുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മുഖ്യ കുറ്റക്കാർ സംഘാടക സമിതി
ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംഘാടകർക്കാണ്
വസ്‌തുതകൾ മറച്ചുവച്ചാണ് പരിപാടിക്ക് അനുമതി നേടിയത്
വ്യവസ്ഥകൾ പാലിച്ചില്ല, ജനക്കൂട്ടത്തെ ക്ഷണിച്ചിട്ടും ക്രമീകരണം നടത്തിയില്ല
സംഘാടക സമിതിയുമായി ബന്ധപ്പെട്ടവർ പൊലീസിനോട് മോശമായി പെരുമാറി
പരിശോധനയിൽ നിന്ന് പൊലീസിനെ തടഞ്ഞു
അപകസമയം ഇവർ ഓടിരക്ഷപ്പെട്ടു
ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന എസ്.ഐ.ടി തള്ളിക്കളഞ്ഞിട്ടില്ല
സമഗ്രമായ അന്വേഷണം വേണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |