ന്യൂഡൽഹി: ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കൽ, സമാനമനസ്‌കരായ സംഘടനകളുമായി ചേർന്ന് പ്രവർത്തനം വിപുലീകരിക്കൽ തുടങ്ങിയ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്ന മൂന്നു ദിവസത്തെ രാഷ്‌ട്രീയ സ്വയം സേവക്(ആർ.എസ്.എസ്) പ്രാന്തപ്രചാരക് യോഗം ജാർഖണ്ഡിലെ റാഞ്ചിയിൽ ഇന്നു തുടങ്ങും.
14 വരെ റാഞ്ചി സരള ബിർള സർവകലാശാലയിലാണ് സമ്മേളനം. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് അടക്കം പ്രധാന സംഘ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. 2025-26 വർഷത്തെ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി ആർ.എസ്.എസിന്റെ വളർച്ചയും സ്വാധീനവും വർദ്ധിപ്പിക്കാനുള്ള തന്ത്രങ്ങൾ സമ്മേളനം ചർച്ച ചെയ്യും. നിലവിൽ ആർ.എസ്.എസിന് രാജ്യമെമ്പാടും 73,000 ശാഖകളുണ്ട്. മുൻകാല പ്രവർത്തനങ്ങളുടെ അവലോകനവും ഭാവി തന്ത്രങ്ങൾ മെനയുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ആർ.എസ്.എസ് ദേശീയ പബ്ലിസിറ്റി ഇൻ ചാർജ് സുനിൽ അംബേക്കർ അറിയിച്ചു.
രണ്ടു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾ ലക്ഷ്യമിട്ട് 3,000 ശതാബ്ദി വിസ്താരക്മാരെ സജ്ജമാക്കിയതായും അംബേക്കർ പറഞ്ഞു.സർകാര്യവാഹക് ദത്താത്രേയ ഹൊസബലെ, സഹസർകാര്യ വാഹക് ഡോ. കൃഷ്ണ ഗോപാൽ, മറ്റ് മുതിർന്ന നേതാക്കൾ, പ്രവിശ്യാ പ്രചാരക്‌മാർ, സഹപ്രവിശ്യാ പ്രചാരക്‌മാർ, ഏരിയ പ്രചാരക്‌മാർ, അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ തയ്യാറെടുപ്പിനായി മോഹൻ ഭാഗവത് ഈ മാസം എട്ടുമുതൽ റാഞ്ചിയിലുണ്ട്.
ഒരു മണ്ഡലത്തിൽ ഒരു ശാഖ
ഓരോ മണ്ഡലത്തിലും കുറഞ്ഞത് ഒരു ശാഖ എന്ന തോതിൽ വിപുലീകരണം
മത, സാമൂഹിക സംഘടനകളുമായി സഹകരിച്ച് സേവന പ്രവർത്തനങ്ങൾ നഗരമേഖലകളിലേക്ക് വ്യാപിപ്പിക്കും
സമീപകാല പരിശീലന ക്യാമ്പുകളുടെയും നിലവിലെ പദ്ധതികളുടെയും പ്രവർത്തന നടത്തിപ്പ് വിലയിരുത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |