ന്യൂഡൽഹി : മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌തിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വാദമുഖങ്ങൾ പൂർത്തിയാക്കി മേയ് 17ന് വിധി പറയാൻ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 22 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി കേജ്‌രിവാളിന് അനുവദിച്ചിരുന്നു. മാർച്ച് 21നായിരുന്നു ഇ.ഡി അറസ്റ്റ്. ഇ.ഡി കേസിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഡൽഹി ഹൈക്കോടതി ആ ഉത്തരവ് സ്റ്റേ ചെയ്‌തിരിക്കുകയാണ്.
സിസോദിയയുടെ ജാമ്യാപേക്ഷ:
സുപ്രീംകോടതി ജഡ്ജി പിന്മാറി
ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി,സി.ബി.ഐ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി സഞ്ജയ് കുമാർ പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. തുടർന്ന് വാദംകേൾക്കൽ ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൽ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ചിലാണ് ഇന്നലെ സിസോദിയയുടെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തിരുന്നത്. അടിയന്തരസ്വഭാവത്തോടെ ഹർജിയിൽ വാദംകേൾക്കണമെന്ന് സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടിരുന്നു. ജാമ്യാവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2023 ഫെബ്രുവരി 26ന് സി.ബി.ഐയും, മാർച്ച് ഒൻപതിന് ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |