ന്യൂഡൽഹി: അനുകൂല തരംഗം പ്രതീക്ഷിച്ച് ബി.ജെ.പിയുടെ കേഡർ മാനേജ്‌മെന്റും ജാതി സമവാക്യം ഉറപ്പിച്ച തന്ത്രങ്ങളും വിലകുറച്ച് കണ്ടതാണ് വോട്ട് വിഹിതം തുല്യമായിട്ടും (40 ശതമാനം) ഹരിയാനയിൽ കോൺഗ്രസിനെ അടിതെറ്റിച്ചത്. അഗ്‌നിവീർ, കർഷക രോഷം, ഗുസ്‌തി പ്രതിഷേധം തുടങ്ങിയ വിഷയങ്ങളിൽ ഒന്നിച്ച ജാട്ടു വോട്ടുകളിലൂടെ കോൺഗ്രസ് അഞ്ച് ലോക്‌സഭാ സീറ്റ് നേടിയിരുന്നു. 25 ശതമാനമുള്ള ജാട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിലും തുണയ്‌ക്കുമെന്ന് പ്രതീക്ഷിച്ചു. ജാട്ട് നേതാവ് ഭൂപീന്ദർ ഹൂഡയെ മുന്നിൽ നിറുത്തി. ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയിൽ നിന്ന് ജാട്ടുകളെ അടർത്താനായി. എന്നാൽ എൽ.എൻ.എൽ.ഡി (4.14 ശതമാനം വോട്ട്), വിമതർ, സ്വതന്ത്രർ എന്നിവർക്കിടയിൽ വോട്ട് ഭിന്നിച്ചത് പത്തിലേറെ സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിച്ചു. അഗ്നിവീറുകൾക്ക് ജോലി സംവരണമടക്കം പദ്ധതികൾ പ്രഖ്യാപിച്ചത് എതിർപ്പുകൾ കുറച്ചിരുന്നു.
കോൺഗ്രസ് ജയിച്ചാൽ ഹൂഡ മുഖ്യമന്ത്രിയാകുമെന്നും ജാട്ടുകൾക്ക് മേൽക്കൈ ലഭിക്കുമെന്ന ബി.ജെ.പി പ്രചാരണം ജാട്ട് ഇതര ഏകീകരണമുണ്ടാക്കി. പോരാട്ടം ഹൂഡയും ബി.ജെ.പിയുടെ ഒ.ബി.സി നേതാവ് നായബ് സിംഗ് സൈനിയും തമ്മിലെന്നായി. 40 ശതമാനത്തിലധികമുള്ള ഒ.ബി.സി വിഭാഗം ബി.ജെ.പിക്കൊപ്പം നിന്നു. 'ക്രീമി ലെയർ" പരിധി ആറിൽ നിന്ന് എട്ടുലക്ഷമാക്കിയതടക്കം നയപരമായ തീരുമാനങ്ങളും സ്വാധീനിച്ചു. രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് പ്രചാരണം ഏറ്റുപിടിക്കാൻ പറ്റിയ ഒ.ബി.സി മുഖങ്ങൾ കോൺഗ്രസിലില്ലായിരുന്നു.
ഭരണഘടന അപകടത്തിലാണെന്ന കോൺഗ്രസിന്റെ പ്രചാരണം 22 ശതമാനമുള്ള ദളിത് വോട്ടർമാരെ സ്വാധീനിച്ചിരുന്നു. എന്നാൽ ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ അവരെ ബി.ജെ.പി ഒപ്പം നിറുത്തി. കോൺഗ്രസ് ദളിത് വിരുദ്ധരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണവും ഫലം കണ്ടു.
സെൽജയെ ഒതുക്കിയതും തിരിച്ചടി
ഹൂഡയുമായി അധികാര തർക്കത്തിലുള്ള ദളിത് നേതാവ് കുമാരി സെൽജയെ ഒതുക്കിയതും തിരിച്ചടിച്ചു. സെൽജ, രൺദീപ് സുർജെവാല എന്നിവർ അതൃപ്‌തി പരസ്യമാക്കി. വിമതർ പല മണ്ഡലങ്ങളിലും വോട്ട് കവർന്നു. 72 സ്ഥാനാർത്ഥികൾ ഹൂഡയുടെ ആളുകളായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല തരംഗം തുടരുമെന്ന വിശ്വാസത്തിൽ പ്രാദേശിക എതിർപ്പ് വകവയ്‌ക്കാതെ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും നിറുത്തി. അതിൽ 15 പേർ തോറ്റു. പുതുമുഖങ്ങളെ ഇറക്കിയ ബി.ജെ.പി നീക്കം ഫലം കണ്ടു.
തിരിച്ചടിച്ച് 'പർച്ചി ആൻഡ് ഖർച്ചി"
കോഴ വാങ്ങി സർക്കാർ ജോലികളിൽ റിക്രൂട്ട്മെന്റ് നടത്തിയ 'പർച്ചി ആൻഡ് ഖർച്ചി" അടക്കം പഴയ ഹൂഡ സർക്കാരിലെ അഴിമതികൾ ബി.ജെ.പി പ്രചരിപ്പിച്ചു. ബൂത്തുതലത്തിൽ ശ്രദ്ധിക്കാതിരുന്നത് കോൺഗ്രസിന് വിനയായി. അമിത വിശ്വാസത്തിൽ'ഇന്ത്യ" കക്ഷികളെ അവഗണിച്ചു. മദ്ധ്യപ്രദേശിലടക്കമുണ്ടായ വീഴ്‌ചകളിൽ നിന്ന് കോൺഗ്രസ് പാഠം പഠിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |