ബ്രസീലിയ : ഭൂമിയുടെ ശ്വാസകോശമാണ് ആമസോൺ മഴക്കാടുകൾ. ഇടതൂർന്ന മരങ്ങളും ലോകത്തെ ഏറ്റവും വലിയ പാമ്പായ അനാകോണ്ടയും കൊടുംകാടിനെ കീറിമുറിച്ച് ശാന്തമായി ഒഴുകുന്ന ഭീമൻ ആമസോൺ നദിയുമൊക്കെ നിറഞ്ഞതാണ് ആമസോൺ മഴക്കാടുകൾ.
ഇന്നും മനുഷ്യർക്ക് പ്രവേശനമില്ലാത്ത, പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാർ മാത്രം ജീവിക്കുന്ന നിഗൂഡ മേഖലകളും ആമസോൺ മഴക്കാടുകൾക്കുള്ളിലുണ്ട്. ഇത്രയും പ്രശസ്തമായ ആമസോൺ മഴക്കാട്ടിലെ ഏറ്റവും വലിയ മരം ഏതായിരിക്കും. ?
ആമസോണിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ മരത്തിന് ഏകദേശം 30 നില കെട്ടിടത്തിന്റെ വലിപ്പമുണ്ട്. അതായത്, ഏകദേശം 290 അടി ഉയരം. മരത്തിന്റെ തടിയുടെ വീതിയാകട്ടെ 32 അടിയും.
ഒരു ' ഡിനിസിയ എക്സൽസ " അഥവാ ' ആഞ്ചലിം - വെർമലോ " മരമാണിത്. ബ്രസീലിലെ വനങ്ങളിലാണ് ആകാശംമുട്ടേ വളരുന്ന കൂറ്റൻ ആഞ്ചലിം - വെർമലോ മരങ്ങൾ കാണപ്പെടുന്നത്. ആമസോണിലെ ഏറ്റവും വലിയ ആഞ്ചലിം - വെർമലോ മരത്തിന് കുറഞ്ഞത് 400 വർഷം പ്രായമുണ്ടെന്ന് കരുതുന്നു. ബ്രസീലിലെ ഇറാറ്റപ്പുരു റിവർ നാച്ചുറൽ റിസേർവിൽ സ്ഥിതി ചെയ്യുന്നു.
2019ൽ ഒരു കൂട്ടം ബ്രസീലിയൻ, ബ്രിട്ടീഷ് ഗവേഷകർ നടത്തിയ 3 ഡി മാപ്പിംഗ് പഠനത്തിന്റെ ഭാഗമായ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഈ രഹസ്യം കണ്ടെത്തിയത്. 2022ലാണ് ശാസ്ത്രജ്ഞർക്ക് ഈ ആ മരത്തിന്റെ അടുത്തേക്ക് എത്താനായത്. മൂന്ന് വർഷത്തെ ആസൂത്രണവും അഞ്ച് പര്യവേക്ഷണങ്ങളും രണ്ടാഴ്ച നീണ്ട കാൽനട യാത്രയും പൂർത്തിയാക്കിയാണ് ആമസോണിനുള്ളിലെ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ മേഖലയിലേക്ക് 19 അംഗ ഗവേഷക സംഘം എത്തിയത്. യാത്രയ്ക്കിടെ ഒരു ഗവേഷകന് വിഷ ചിലന്തിയുടെ കടിയേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |