ന്യൂഡൽഹി: 2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരം നിലനിർത്തുമെന്ന പ്രവചനവുമായി ജ്യോതിഷിയും സംഖ്യാശാസ്ത്ര വിദഗ്ധയുമായ ഡോ. ജയ് മദൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വവും പുരോഗമന കാഴ്ചപ്പാടുമാണ് ഇതിന് കാരണമായി ജ്യോതിഷി ചൂണ്ടിക്കാട്ടുന്നത്. ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് നവിക കുമാറുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ഡോ. ജയ് മദന്റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രഹസ്ഥിതി ശോഭനമായതിനാൽ അദ്ദേഹം പ്രതിസന്ധിയിലൂടെ കടന്നുപോയാലും തകർച്ച ഉണ്ടാകില്ലെന്നും അവർ പറഞ്ഞു.
'മോദിക്ക് ദൈവാനുഗ്രഹമുണ്ട്. അദ്ദേഹം പുരോഗമന പാതയിലാണ്. ദേശീയവാദി എന്ന നിലയിൽ അദ്ദേഹം രാജ്യത്തിനാണ് മുൻഗണന നൽകുന്നത്. 2029ൽ ബിജെപി വീണ്ടും അധികാരത്തിലെത്തും,' ഡോ. ജയ് മദൻ പറയുന്നു. അദ്ദേഹത്തിന് എവിടെയെങ്കിലും കാര്യങ്ങൾക്ക് തടസം വന്നാൽ പോലും അനുകൂലമായി അവ മാറുമെന്നും അവർ പറയുന്നു. ഓരോ തവണയും അദ്ദേഹം കൂടുതൽ ശക്തനായി ഊർജ്ജസ്വലതയോടെ തിരിച്ചുവന്നിട്ടുണ്ട്. സ്ഥിരതയുള്ള പാതയിലല്ലെങ്കിലും മറിച്ച് ഉയർന്ന പുരോഗമന പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും ഡോ. ജയ് മദൻ പറഞ്ഞു.
'മോദി രാഷ്ട്രത്തിന് ഒന്നാം സ്ഥാനം നൽകുന്നത് അദ്ദേഹത്തോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നു. കൂടാതെ രാജ്യത്തെ ദേഷ്യത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നുമൊക്കെ മാറ്റി കൂടുതൽ ദേശീയബോധം വളർത്തി. സമ്പദ്‌വ്യവസ്ഥയും ബിസിനസും കൂടുതൽ സ്വയംപര്യാപ്തമാകും. ആഗോള ഘടനയിലെ മാറ്റങ്ങൾ കാരണം ബുദ്ധിമുട്ടിലായ എൻആർഐകൾ സ്വന്തം രാജ്യത്ത് പണം നിക്ഷേപിക്കാനുള്ള പദ്ധതികൾ ആലോചിക്കും. എല്ലാ ഇന്ത്യക്കാരും ഒന്നിച്ച് നിൽക്കും', അവർ പ്രവചിച്ചു.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ജയ് മദൻ സംസ്ഥാനത്ത് ഇത്തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയില്ലെന്നും ബിജെപി കൂടുതൽ ശക്തരാകാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞു. 'ബിജെപിക്ക് ശക്തമായ പിന്തുണ ലഭിക്കും. നിതീഷ് കുമാർ ഇത്തവണ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയില്ല, അദ്ദേഹത്തിന് മറ്റൊരു പദവി നൽകിയേക്കാം. ചിരാഗ് പാസ്വാൻ ബിഹാറിൽ പുത്രോദയമായി ഉയർന്നു വന്നേക്കാം', അവർ അഭിപ്രായപ്പെട്ടു.
കോൺഗ്രസിനെക്കുറിച്ച് സംസാരിച്ച ജ്യോതിഷി, ഇന്ത്യ ശക്തമായ രാഷ്ട്രമെന്ന് സ്ഥാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് തന്നെയാണ് ആളുകൾ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. 'ഞാൻ ഒരു പാർട്ടിക്കും എതിരല്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് പ്രധാനം,' മദൻ പറഞ്ഞു. ജ്യോതിഷത്തിന്റെ ഉദ്ദേശ്യം മാർഗനിർദ്ദേശം നൽകുകയെന്നതാണ്. അവയെ പ്രവചനമായി കാണുമ്പോൾ അത് അന്ധവിശ്വാസമായി മാറുന്നു. ജ്യോതിഷം നമ്മെ വികസിപ്പിക്കുന്നുവെന്നും ഏറ്റവും ഒടുവിൽ ജയ് മദൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |