അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസമുണ്ടായിരുന്ന കനത്ത മഴയിൽ റോഡിലേക്ക് പാറക്കഷ്‌ണങ്ങൾ വീണതോടെ അപകടങ്ങൾക്ക് സാദ്ധ്യതയേറുന്നു. ഫുജൈറയിലെ മസാഫിയിൽ പല റോഡുകളിലും കൂറ്റൻ കല്ലുകൾ പതിക്കുന്നത് വാഹനമോടിക്കുന്നവർക്ക് ഭീഷണിയാവുകയാണ്. അപകടകരമായ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ യുഎഇയിലെ മസാഫി പ്രദേശത്ത് ഉച്ചയ്‌ക്ക് ശേഷം മഴ പെയ്‌തിരുന്നു. രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും പാറക്കല്ലുകൾ റോഡിലേക്ക് വീഴാനും സാദ്ധ്യതയുണ്ട്. അതിനാൽ, പ്രവാസികൾ ഉൾപ്പെടെ പർവതപ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗത കുറച്ച് യാത്ര ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പാറകളിൽ നിന്ന് റോഡുകളിലേക്ക് വെള്ളം ഒഴുകി അരുവികൾ പോലെ രൂപപ്പെടുന്ന സാഹചര്യവും ചിലയിടങ്ങളിൽ ഉണ്ടായി. ചില സ്ഥലങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. താമസക്കാർ വീടിന് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ വരും ദിവസങ്ങളിലും കൂടുതൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നും നാളെയും ഫുജൈറയിലും റാസൽഖൈമയിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടുത്ത ചൂടിന് ശേഷമുണ്ടായ മഴ താമസക്കാർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. നാളെ മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴ പെയ്‌തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |