ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ മാർഗരേഖ കൊണ്ടുവരുന്നത് ആലോചിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.
യു ട്യൂബർ രൺവീർ അലഹബാദിയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണിത്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകൾക്കെതിരെ അലഹബാദി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്.
സാമൂഹ മാദ്ധ്യമങ്ങളിലെ വൃത്തികെട്ട ഭാഷയെ ടാലന്റ് ആയി കണക്കാക്കരുത്. പരിമിതമായിട്ടാണെങ്കിലും നിയന്ത്രണം അനിവാര്യം. സെൻസർഷിപ്പ് വേണമെന്ന് പറയുന്നില്ല. എന്നാൽ ഇമ്മാതിരി ആഭാസം അനുവദിക്കില്ല. ഹാസ്യം കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതാകണം. കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാകരുത്.
എന്തു ചെയ്യാൻ കഴിയുമെന്ന് കേന്ദ്രം ചിന്തിക്കണം. സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളുടേതടക്കം നിലപാട് തേടണം. ആരോഗ്യകരമായ സംവാദമാണ് ഉണ്ടാകേണ്ടത്. കോടതി നിലപാടിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുകൂലിച്ചു.
പോഡ്കാസ്റ്റിന് അനുമതി
മാന്യത പാലിക്കണമെന്ന മുന്നറിയിപ്പോടെ പോഡ്കാസ്റ്റ് പുനരാരംഭിക്കാൻ അലഹബാദിക്ക് അനുമതി നൽകി. ധാർമ്മികതയുടെയും മാന്യതയുടെയും അതിർവരമ്പ് ലംഘിക്കരുത്. ഏതു പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന തരത്തിൽ മാന്യമായിരിക്കും ഷോയെന്ന് രേഖാമൂലം എഴുതിനൽകണം. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയെ ഇതേ ബെഞ്ച് നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
നടപടിക്ക് മുമ്പ്
നോട്ടീസ് നിർബന്ധം
അതേസമയം, ഐ.ടി ചട്ടത്തിലെ വ്യവസ്ഥകൾ ചോദ്യംചെയ്‌ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ മറ്റൊരു ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് മുൻപ് യൂസേഴ്സിനെ കേൾക്കണം. അതിനായി നോട്ടീസ് അയച്ചിരിക്കണം. നോട്ടീസ് നൽകാതെ അക്കൗണ്ടുകൾ പൂട്ടിക്കുന്നതിനെതിരെയായിരുന്നു ഹർജികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |