മുംബയ്: നടൻ ദേബ് മുഖർജി (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ 9.30ഓടെ മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര മേഖലയിലെ പ്രശസ്തമായ മുഖർജി കുടുംബാംഗമാണ്. ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമ്മാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ്. ഇന്നലെ വൈകിട്ട് നാലിന് ജുഹുവിലെ പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവരാണ് മക്കൾ. ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ അശുതോഷ് ഗവാരികർ മരുമകനാണ്.
സംബന്ധ് എന്ന സിനിമയിലൂടെയാണ് ദേബ് സിനിമയിലെത്തിയത്. ഏക് ബാർ മുസ്‌കുരാ ദോ, ജോ ജീത്താ വഹി സികന്ദർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. 2009ൽ വിശാൽ ഭരദ്വാജിന്റെ കാമീനേ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
നടിമാരായ കജോൾ, റാണി മുഖർജി, ഷർബാനി മുഖർജി എന്നിവർ ബന്ധുക്കളാണ്. ദേബ് മുഖർജിയുടെ അമ്മയുടെ സഹോദരങ്ങളായിരുന്നു നടന്മാരായ അശോക് കുമാർ, അനൂപ് കുമാർ, ഗായകൻ കിഷോർ കുമാർ എന്നിവർ. നടൻ ജോയ് മുഖർജി, സംവിധായകനും തിരക്കഥാകൃത്തുമായ ഷോമു മുഖർജി എന്നിവർ സഹോദരന്മാരാണ്. ഷോമു മുഖർജിയുടെ ഭാര്യയാണ് നടി തനൂജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |