ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാവ് അറസ്റ്റിൽ. ഇയാൾ അടക്കം 60 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറ് കേസുകൾ രജിസ്റ്റർ ചെയ്‌തു.
മൈനോറിട്ടി ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫഹീം ഖാനെയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്‌തത്. അക്രമം ഇയാൾ ആസൂത്രണം ചെയ്‌തതാണോ എന്ന് അന്വേഷിക്കുന്നു. മറ്റ് സംഘടനകളുടെ പങ്കും പരിശോധിക്കും. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ സംഘടനകൾ നടത്തിയ പ്രതീകാത്മക സമരത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. അക്രമികൾ നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു. വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. 33 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റു. 10 സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ നിലവിലുണ്ട്. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ആരോപിച്ചിരുന്നു. 318 വർഷം മുൻപ് മരിച്ച ഔറംഗസേബിന്റെ ഖബറിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ശിവസേന(ഉദ്ധവ്) നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബി.ജെ.പി ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |