ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. 9 പഞ്ചാബ് റെജിമെന്റിലെ സുബേദാറായ കുൽദീപ് ചന്ദാണ് വീരമൃത്യു വരിച്ചത്. സുന്ദർബനിയിലെ കേരി-ബൈട്ടൽ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർക്ക് നുഴഞ്ഞുകയറാനായി പാക് സൈന്യം വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.
അതിനിടെ, കിഷ്ത്വാറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജയ്ഷെ കമാൻഡർ സെയ്ഫുള്ള,ഫർമാൻ,ബാഷ എന്നിവരെയാണ് വധിച്ചത്. തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരാണിവരെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒമ്പതിനാണ് സുരക്ഷാസേന മേഖലയിൽ പരിശോധന ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ സെയ്ഫുള്ളയെ വെടിവച്ച് കൊന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ മറ്റ് രണ്ടു ഭീകരരെ കൂടി കണ്ടെത്തി. സ്ഥലത്തുനിന്ന് വൻതോതിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയും കണ്ടെടുത്തു.കരസേന, അർദ്ധസൈനിക വിഭാഗത്തിലെ കമാൻഡോകൾ, സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പൊലീസ്, എസ്.ഒ.ജി എന്നിവരാണ് ഓപ്പറേഷൻ നടത്തിയത്. മലനിരകളിലും ഉൾവനത്തിലും ഓപ്പറേഷൻ തുടരുകയാണ്. തെരച്ചലിന് ഹെലികോപ്ടറുകളുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. ഉധംപൂർ,കിഷ്ത്വാർ ജില്ലകളിൽ ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചിൽ സൈന്യം ഊർജ്ജിതമാക്കിയിരുന്നു. ഈ പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര അതിർത്തി വഴി വൻതോതിൽ ഭീകരർ നുഴഞ്ഞുകയറുന്നുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
കുൽദീപ് ചന്ദിന്റെ ജീവത്യാഗവും മറ്റ് സംഘാംഗങ്ങളുടെ ആത്മസമർപ്പണവും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി.
-ജമ്മു മിലിട്ടറി യൂണിറ്റ് വൈറ്റ്
നൈറ്റ് കോർപ്പ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |