ചെന്നൈ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡി.എ രണ്ട് ശതമാനം വർദ്ധിപ്പിച്ച് തമിഴ്നാട് സർക്കാർ. 16 ലക്ഷം ജീവനക്കാർക്കും അദ്ധ്യാപകർക്കും,പെൻഷൻകാർക്കും ഇത് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ വിവാഹ അഡ്വാൻസ് അഞ്ച് ലക്ഷമായി ഉയർത്തി. നേരത്തെ സ്ത്രീപുരുഷ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്ന 'വിവാഹ അഡ്വാൻസ്' യഥാക്രമം 10,000 രൂപയും 6,000 രൂപയും ആയിരുന്നു. ഉത്സവങ്ങൾ,കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള നിലവിലുള്ള അഡ്വാൻസുകൾ വർദ്ധിപ്പിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. ഉത്സവ അഡ്വാൻസ് ഇപ്പോൾ നൽകുന്ന 1,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തും. വൊക്കേഷണൽ കോഴ്സുകൾക്കുള്ള വിദ്യാഭ്യാസ അഡ്വാൻസ് 1,00,000 രൂപയായും കല,ശാസ്ത്രം,പോളിടെക്നിക് എന്നിവയ്ക്കുള്ള തുക 50,000 രൂപയായും വർദ്ധിപ്പിക്കും.
പൊങ്കൽ ഉത്സവ ബോണസ് 1,000 രൂപയായി വർദ്ധിപ്പിച്ചു. നേരത്തെ 500 രൂപയായിരുന്നു. പെൻഷൻകാരെ അവരുടെ കുടുംബത്തോടൊപ്പം ഉത്സവം ആഘോഷിക്കുന്നതിന് നിലവിലുള്ള 4,000 രൂപയുടെ ഉത്സവ അഡ്വാൻസ് 6,000 രൂപയായി ഉയർത്തും.
പ്രസവ അവധി ഒരു വർഷം
പ്രസവാവധി ഒരു വർഷം വരെയാക്കി. നിലവിൽ ഒമ്പത് മാസമാണ്. പഴയ പെൻഷൻ പദ്ധതി,സംഭാവനാ പെൻഷൻ പദ്ധതി,സംയോജിത പെൻഷൻ പദ്ധതി എന്നിവയെക്കുറിച്ച് പഠിക്കാൻ കമ്മിറ്റി രൂപീകരിക്കും. സെപ്തംബർ അവസാനത്തോടെ ശുപാർശകളോടെ പാനൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച ഒമ്പത് ക്ഷേമ നടപടികൾ സർക്കാരിന് 5,000 കോടി രൂപയുടെ അധിക വാർഷിക ചെലവുണ്ടാക്കും. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മാതൃകയിൽ,'ദ്രാവിഡ മോഡൽ' ഡി.എം.കെ സർക്കാർ സർക്കാർ ജീവനക്കാരെ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നത് തുടരുമെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |