ചെന്നൈ: തമിഴ്നാട്ടിലും ഇനി 'കോളനി' ഇല്ല. സർക്കാരന്റെ ഔദ്യോഗിക രേഖകളിൽ നിന്നുൾുപ്പെടെ 'കോളനി' എന്ന പദം നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചരിത്രപരമായ അടിച്ചമർത്തലിന്റെയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെയും പ്രതീകമായി ഈ പദം മാറിയിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
'കോളനി എന്ന വാക്ക് ഈ മണ്ണിലെ പുരാതന ജനതയെ അപമാനിക്കുന്നതിനുള്ള ഒരു പര്യായമായി മാറിയിരിക്കുന്നു. ഈ വാക്ക് അടിച്ചമർത്തലിന്റെയും തൊട്ടുകൂടായ്മയുടെയും പ്രതീകമായി മാറിയതിനാൽ,സർക്കാർ രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും നീക്കം ചെയ്യാൻ നടപടിയെടുക്കും' സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
കേരളത്തിൽ 2024 ജൂണിൽ 'കോളനി' എന്ന പദം ഉപേക്ഷിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് പട്ടികജാതി,പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എന്ന നിലയിൽ,ഔദ്യോഗിക രേഖകളിൽ 'കോളനി' എന്ന പദം ഉപയോഗിക്കുന്നത് നിറുത്തലാക്കിക്കൊണ്ട് കെ. രാധാകൃഷ്ണൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടിച്ചമർത്തലുകാരാണ് ഈ പദം സൃഷ്ടിച്ചതെന്നും 'അതിമത്തം' എന്ന വാക്കിൽ നിന്നാണ് അതിന്റെ അർത്ഥം ഉരുത്തിരിഞ്ഞതെന്നും രാധാകൃഷ്ണനും അന്ന് പറഞ്ഞിരുന്നു
ഇത് മണിപ്പൂരോ കാശ്മീരോ അല്ല
ദ്രാവിഡ മാതൃകയിലുള്ള സർക്കാരിന്റെ കീഴിലുള്ള ശക്തമായ പൊലീസിംഗിന്റെ ഫലമാണ് സംസ്ഥാനത്തെ സമാധാനം എന്ന് എം.കെ.സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചു. തന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സേനയുടെ സ്ഥിരമായ പരിശ്രമം മൂലമാണ് തമിഴ്നാട് മതേതരവും സമാധാനപരവുമായ സംസ്ഥാനമായി തുടരുന്നതെന്ന് പറഞ്ഞു.
''പൊതുസൗഹാർദ്ദം തകർക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും,സംസ്ഥാനത്തെ ജനങ്ങൾ അത്തരം പ്രകോപനങ്ങളെ വിജയകരമായി ചെറുത്തു. വലിയ തോതിലുള്ള സാമുദായിക അവകാശങ്ങളോ ജാതി കലാപങ്ങളോ മതപരമായ കലാപങ്ങളോ നടക്കുന്നില്ല. കലാപം ഇളക്കിവിടാൻ ചിലർ ശ്രമിച്ചാലും തമിഴ്നാട്ടിലെ ജനങ്ങൾ അത് തടഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു രഹസ്യ അജൻഡയുമായി സംസാരിക്കുന്നവരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇത് മണിപ്പൂരോ,കശ്മീരോ,കുംഭമേളയോ അല്ല ഇവിടെ മരണങ്ങൾ സംഭവിച്ചിരിക്കാൻ. ഇത് തമിഴ്നാടാണ്, മറക്കരുത്,'' അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |