ന്യൂഡൽഹി:ചരക്കുകളും സേവനങ്ങളും ഉൾക്കൊള്ളുന്ന, സന്തുലിതവും സമഗ്രവുമായ സ്വതന്ത്ര വ്യാപാര കരാർ രൂപീകരിക്കാൻ ഇന്ത്യയും യു.കെയും ധാരണയിലെത്തി. ഇതു പ്രകാരം 2040ൽ ഉഭയകക്ഷി വ്യാപാരം 2550 കോടി പൗണ്ടാകും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിപണി തുറക്കലും വ്യാപാര നിയന്ത്രണങ്ങൾ ലഘൂകരിക്കലുമാണ് പ്രധാന ലക്ഷ്യം.
2022 ജനുവരി മുതൽ നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് സ്വതന്ത്ര വ്യാപാര കരാറിൽ ധാരണയായത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതോടെ സ്വതന്ത്ര വ്യാപാര നയത്തിന് പ്രസക്തി കൂടി.
നേട്ടങ്ങൾ:
ഇന്ത്യയിൽ നിന്നുള്ള വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, സ്‌പെയർ പാർട്സ്, ആട്ടിറച്ചി, സാൽമൺ മത്സ്യം, ചോക്ലേറ്റ്, ബിസ്കറ്റ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ തീരുവ കുറയ്‌ക്കും. പത്തു വർഷത്തിനുള്ളിൽ കൂടുതൽ ഇനങ്ങൾക്ക് തീരുവ ഒഴിവാക്കും. വിസ്‌കി, ജിൻ എന്നിവയുടെ തീരുവ 75 ശതമാനമായി കുറയും. വാഹന ഇറക്കുമതിയിൽ പത്തു ശതമാനം തീരുവ കുറയും. ഈ കരാറിലൂടെ 2040 ആകുമ്പോഴേക്കും ജി.ഡി.പിയിൽ പ്രതിവർഷം 480 കോടി പൗണ്ടിന്റെ വർദ്ധനവ് നേടുമെന്ന് യു.കെ.
തുണിത്തരങ്ങൾ, പാദരക്ഷകൾ, പരവതാനികൾ, സമുദ്രോത്പന്നങ്ങൾ, മുന്തിരി, മാമ്പഴം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നേട്ടം.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻസ്, നിയമ, സാമ്പത്തിക സേവനങ്ങൾ, ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിൽ ബ്രിട്ടീഷ് സാന്നിധ്യം കൂടും.
കരാറിന്റെ ഭാഗമായ സാമൂഹിക സുരക്ഷാ കരാർ പ്രകാരം ബ്രിട്ടനിൽ പരിമിതമായ കാലയളവിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അവിടുത്തെ സാമൂഹിക സുരക്ഷാ ഫണ്ടുകളിൽ സംഭാവന നൽകേണ്ടി വരില്ല.
നാഴികക്കല്ല്:
പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയും യു.കെയും പരസ്പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറിലെത്തിയത് ചരിത്രത്തിലെ നാഴികക്കല്ലാണ്. കരാറുകൾ രണ്ട് സമ്പദ്‌വ്യവസ്ഥകളിലെയും വ്യാപാരം, നിക്ഷേപം, വളർച്ച, തൊഴിലവസരം, നവീകരണം എന്നിവയെ കൂടുതൽ ഉത്തേജിപ്പിക്കും. പ്രധാനമന്ത്രി സ്റ്റാർമർ ഉടൻ ഇന്ത്യയിലേക്ക് വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |