കണ്ണൂർ: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2011ലാണ് ഗോവിന്ദച്ചാമി അറസ്റ്റിലായത്. ജയിലിലെത്തിയെങ്കിലും ഇയാൾക്ക് മാനസാന്തരമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല അവിടെയും പല പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. 2017ൽ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ച അന്നത്തെ ജയിൽ ഡിജിപിയോട് രണ്ട് കാര്യങ്ങൾ പ്രതി അഭ്യർത്ഥിച്ചിരുന്നു.
സർക്കാർ തനിക്ക് കൃത്രിമക്കൈ വച്ചുതരണമെന്നായിരുന്നു ആദ്യത്തെ അഭ്യർത്ഥന. പരിഗണിക്കാമെന്നായി ഡിജിപി. ദിവസം അഞ്ച് കെട്ട് ബീഡി അനുവദിക്കണമെന്നായിരുന്നു അടുത്ത അഭ്യർത്ഥന. ജയിലിൽ പുകവലി നിരോധിച്ചതിനാൽ ബീഡി അനുവദിക്കാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
ജയിൽ അധികൃതർക്ക് സ്ഥിരം തലവേദനയായിരുന്നു ഇയാൾ. എല്ലാ ദിവസവും തനിക്ക് ബിരിയാണി വേണമെന്ന് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ബിരിയാണി കൊടുക്കാത്തതിനാൽ ജയിൽ ഉപകരണങ്ങൾ നശിപ്പിച്ചു. ജയിൽമാറ്റം ആവശ്യപ്പെട്ട് 2012ൽ ആത്മഹത്യാ നാടകം നടത്തി. കൂടാതെ സെല്ലിനുള്ളിലെ സിസിടിവി കേടാക്കി. അവിടം കൊണ്ടും തീർന്നില്ല. ജയിൽ ജീവനക്കാർക്ക് നേരെ വിസർജ്ജ്യമെറിഞ്ഞു. ജയിലിൽ അതിക്രമം നടത്തിയതിന് ഇയാൾക്ക് പത്ത് മാസം ശിക്ഷ വിധിച്ചിരുന്നു.
അതേസമയം, ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട് ഡെപ്യൂട്ടി പ്രിസൺ ഓഫിസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ സഞ്ജയ്, അഖിൽ, നൈറ്റ് ഓഫിസർ റിജോ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |