ന്യൂഡൽഹി: അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെട്ടത് പാകിസ്ഥാനാണ്. കാരണം, ഇന്നലെ വെളുപ്പിനുള്ള ഇന്ത്യൻ പ്രത്യാക്രമണത്തോടെ കളി കൈവിട്ടുപോകുമെന്ന് പാകിസ്ഥാന് ബോദ്ധ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കുനേരെ ഡ്രോണുകളും മിസൈലും പ്രയോഗിക്കുന്ന പാകിസ്ഥാന്റെ ആറ് വ്യോമ കേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളുമാണ് ഇന്ത്യ ഇന്നലെ കൃത്യതയോടെ തകർത്തത്. അതും പാക് മിലിട്ടറി ആസ്ഥാനമായ റാവൽപിണ്ടിയിൽ വരെ കടന്നുചെന്ന്. ഇതിന്റെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു.
വ്യാഴം, വെള്ളി രാത്രികളിൽ ജമ്മുകാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് ബോർഡറുകൾ ലക്ഷ്യമാക്കി പാകിസ്ഥാൻ തുരുതുരെ വിട്ട ഡ്രോണുകൾ ഇന്ത്യ എസ് - 400 ഉപയോഗിച്ച് ഒന്നൊന്നായി നശിപ്പിച്ചു. എന്നാൽ, ഇന്നലെ വെളുപ്പിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും ദീർഘദൂര മിസൈലും പ്രയോഗിച്ചതോടെ ഇന്ത്യ ഗിയർ മാറ്റി. ഡൽഹി ലക്ഷ്യമാക്കി പാകിസ്ഥാൻ തൊടുത്ത ഫത്ത -11 മിസൈൽ ഹരിയാനയിലെ സിർസയിൽ തകർത്തു. രണ്ട് ചൈനീസ് നിർമ്മിത ജെ.എഫ്- 17 യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈൽ അടിച്ചുവീഴ്ത്തി. പിന്നാലെ പാക് വ്യോമകേന്ദ്രങ്ങൾ കൂട്ടത്തോടെ നശിപ്പിച്ചു.
റാവൽപിണ്ടിയിലെ ചക്ലാല, ചക്വാളിലെ മുരിദ്, ഷൊർക്കോട്ടിലെ റഫീഖി, റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ വ്യോമത്താവളങ്ങളെയാണ് വ്യോമസേന പ്രഹരിച്ചത്. റഹിം യാർ ഖാൻ വ്യോമത്താവളത്തിലെ റൺവേയുടെ മദ്ധ്യഭാഗത്തുള്ള ഒരു വലിയ ഗർത്തം അടക്കം വ്യാപക നാശനഷ്ടങ്ങളുടെ ദൃശ്യങ്ങളാണ് ഇന്ത്യ ലോകത്തെ കാണിച്ചത്.
1.നൂർ ഖാൻ ചക്ലാല എയർ ബേസ്
ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്റർ അകലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്നു. വ്യോമസേനാ പ്രവർത്തനങ്ങൾക്കും വി.ഐ.പി ഗതാഗതത്തിനും ഉപയോഗിക്കുന്നു. പാകിസ്ഥാൻ വ്യോമ സേനയുടെ നാഡീകേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ നടത്തിയ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഏകോപിപ്പിച്ചത് ഇവിടെയാണ്. സാബ് 2000 വ്യോമ പ്രതിരോധ സംവിധാനം ഇവിടെയുണ്ട്. 1965, 1971 യുദ്ധങ്ങളിലും പാക് വ്യോമസേനയുടെ നീക്കങ്ങൾ ഇവിടെ കേന്ദ്രീകരിച്ചു. വ്യോമ ഇന്ധനം നിറയ്‌ക്കാനുള്ള സൗകര്യം, ഗതാഗത ദൗത്യങ്ങൾക്കുള്ള ആറ് സ്‌ക്വാഡ്രണുകളുടെ കേന്ദ്രം, ഉന്നത രാഷ്ട്രീയ, സൈനിക നേതാക്കൾ ഉപയോഗിക്കുന്ന വിമാനങ്ങൾക്കുള്ള പാർക്കിംഗ്, വ്യോമസേനാ പരിശീലന സ്ഥാപനമായ പി.എ.എഫ് കോളേജ് എന്നിവയും ഇവിടെ.
2. മൂറിദ് എയർ ബേസ്
പാകിസ്ഥാനിലെ ചക്‌വാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയ ഡ്രോണുകൾ വിക്ഷേപിച്ച കേന്ദ്രം. ഷാപർ-1, ബെയ്‌രക്തർ ടി.ബി. 2, അകിൻസി പോലുള്ള നൂതന ഡ്രോണുകൾ അടങ്ങിയ വ്യോമസേനാ സ്‌ക്വാഡ്രൺ ആസ്ഥാനം. ഡ്രോണുകൾ വിട്ട് രഹസ്യവിവരങ്ങൾ ശേഖരിച്ച് സായുധ സേനകൾക്ക് നൽകുന്നു.
3. റഫീഖി എയർ ബേസ്, ഷോർകോട്ട്
മദ്ധ്യ പഞ്ചാബിൽ സ്ഥിതി ചെയ്യുന്നു. ജെ.എഫ്-17, മിറാഷ് യുദ്ധവിമാനങ്ങളുടെയും ഹെലികോപ്‌ടറുകളുടെയും സ്‌ക്വാഡ്രൻ ആസ്ഥാനം. മുൻ പാക് ഉദ്യോഗസ്ഥൻ സ്ക്വാഡ്രൺ ലീഡർ സർഫറാസ് അഹമ്മദ് റഫീഖിയുടെ പേര്. ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളിൽ ഇവിടെ നിന്നുള്ള ജെ.എഫ്-17 യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിരുന്നു. പാക് സേനയുടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലെ സൈനിക നീക്കം ഇവിടെ നിന്ന്.
4. റഹിം യാർ ഖാൻ എയർ ബേസ്
തെക്കൻ പഞ്ചാബിൽ രാജസ്ഥാന് സമീപം റഹിം യാർ ഖാൻ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്നു. തെക്കൻ, കിഴക്കൻ പാകിസ്ഥാനിലെ വ്യോമസേനാ നീക്കം ഇവിടെ നിന്ന്.
5. സുക്കൂർ എയർ ബേസ് / പാഫ് ബേസ് ഭോളാരി
കറാച്ചിക്കും ഹൈദരാബാദിനും ഇടയിലുള്ള സിന്ധിലെ ജാംഷോറോ ജില്ലയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത വ്യോമസേനാ ബേസ്. ബൊളാരി സതേൺ എയർ കമാൻഡിന് കീഴിൽ എഫ്-16എ/ബി, 15 എ.ഡി.എഫ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന 19-ാം സ്‌ക്വാഡ്രണിന്റെ കേന്ദ്രം.
6. ചുനിയൻ എയർ ബേസ്
പാകിസ്ഥാൻ വ്യോമസേനയുടെ നിർണായക താവളം. ലാഹോറിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്ക് പഞ്ചാബിലെ ചുനിയാൻ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |