
ന്യൂഡൽഹി: എല്ലാം ആലോചിച്ച് ഉറപ്പിച്ച്, തെല്ലും കുറ്റബോധമില്ലാതെയാണ് ചെങ്കോട്ടയ്‌ക്കു സമീപം ഡോ. ഉമർ നബി സ്‌ഫോടനം നടത്തിയതെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. പൊട്ടിച്ചിതറുന്നതിന് മുൻപ് റെക്കാഡ് ചെയ്‌ത വീഡിയോയാണിത്. ഇസ്ലാം മതത്തിൽ ആത്മഹത്യ നിഷിദ്ധമാണ്. പക്ഷെ ചാവേറായി മരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം 'രക്തസാക്ഷിത്വ'മാണെന്ന് വീഡിയോയിൽ ഉമർ പറയുന്നു. ചാവേറാക്രമണത്തെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. തെറ്രിദ്ധരിക്കപ്പെട്ട ആശയമാണ്. 'രക്തസാക്ഷിത്വ ഓപ്പറേഷൻ' ആകാം. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും, സമയത്തും രക്തസാക്ഷിത്വം വരിക്കാൻ തീരുമാനിക്കും. അത് എവിടെയായിരിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. നടക്കാൻ വിധിക്കപ്പെട്ടതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും. 'മരണത്തെ ഭയപ്പെടുത്തരുതെന്നും' 1 മിനിട്ട് 21 സെക്കന്റുള്ള വീഡിയോയിൽ ഉമർ ആഹ്വാനം ചെയ്യുന്നുണ്ട്. ഒഴുക്കുള്ള ഇംഗ്ലീഷിലാണ് സംസാരം. മുറിക്കുള്ളിൽ കറുത്ത ടീ ഷർട്ട് ധരിച്ചാണ് ഉമർ ഇരുന്നത്. ഏതു ദിവസമാണ് റെക്കാഡ് ചെയ്‌തതെന്ന് ഏജൻസികൾ അന്വേഷിക്കുന്നു. ഇതിനിടെ, ആരോപണനിഴലിലായ ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ അന്വേഷണം കടുപ്പിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ട 25ൽപ്പം കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി.
ഡാനിഷ് എൻ.ഐ.എ കസ്റ്റഡിയിൽ
ഉമറിന്റെ സഹായിയായ ജമ്മു കാശ്‌മീർ അനന്തനാഗ് സ്വദേശി ഡാനിഷ് എന്ന ജസീർ ബിലാൽ വാനിയെ പട്യാല ഹൗസ് കോടതി ഇന്നലെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. അന്വേഷണസംഘത്തിന്റെ കസ്റ്റഡി ആവശ്യം അനുവദിക്കുകയായിരുന്നു. സ്‌ഫോടനത്തിന് മുൻപായി ഡ്രോൺ, റോക്കറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഡൽഹിയിൽ അടക്കം ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.
ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണത്തിനായിരുന്നു ശ്രമമെന്നാണ് നിഗമനം.
ആസൂത്രണത്തിൽ ഡാനിഷിന് നിർണായക പങ്കുണ്ടെന്ന് എൻ.ഐ.എ പറയുന്നു. ഞായറാഴ്ച അറസ്റ്റിലായ ജമ്മു കാശ്‌മീർ പാംപോർ സ്വദേശി അമിർ റാഷിദ് അലിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അമിറിനെ തിങ്കളാഴ്ച പത്ത് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനിടെ, ഫരീദാബാദിൽ വൻസ്‌ഫോടകവസ്‌തു ശേഖരം പിടിച്ചെടുത്ത കേസിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീൽ, വനിതാ ഡോക്‌ടർ ഷഹീൻ സയീദ് എന്നിവർ പുതിയ മാരുതി സുസുക്കി ബ്രെസ വാങ്ങുന്നതിന്റെ ഫോട്ടോ പുറത്തുവന്നു. ആറു നഗരങ്ങളിൽ സ്‌ഫോടനം നടത്താനായി വാങ്ങിയ കാറുകളിൽ ഒന്നാണെന്നാണ് നിഗമനം. എച്ച്ആർ 87 യു 9988 എന്നു നമ്പറുള്ള കാറിനെ ഏജൻസികൾ കണ്ടെത്തിയിരുന്നു. 10ൽപ്പരം ഡോക്‌ടർമാർക്ക് ഡൽഹിയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |