
മെൽബൺ: ഓസ്ട്രേലിയയിലെ പ്രധാന വിഭവമായ വെജ്മൈറ്റ് ജയിലിൽ നിരോധിച്ചതിനെതിരെ തടവുകാരൻ കോടതിയെ സമീപിച്ചു. വിക്ടോറിയയിലെ ജയിലിൽ കൊലക്കുറ്റത്തിന് തടവിൽ കഴിയുന്ന ആൻഡ്രേ മക്കേനി എന്ന തടവുകാരനാണ് പരാതിക്കാരൻ. നിരോധനം മനുഷ്യാവകാശ ലംഘനമാണെന്നും നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ ഒരു വിഭവം ആസ്വദിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ആൻഡ്രേ വാദിച്ചു. വിക്ടോറിയയിലെ നീതിന്യായ വകുപ്പിലും കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് കറക്ഷൻ വിക്ടോറിയയ്‌ക്കും ഇതുസംബന്ധിച്ച് ആൻഡ്രേ പരാതി നൽകി.
വിക്‌ടോറിയയിലെ ജയിലുകളിൽ 2006 മുതലാണ് വെജ്മൈറ്റ് നിരോധിച്ചത്. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതിന്റെ മണം തിരിച്ചറിയാതിരിക്കാനായി രൂക്ഷഗന്ധമുള്ള വെജ്മൈറ്റ് തടവുകാർ വ്യാപകമായി ഉപയോഗിക്കുന്നെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി.
1994ൽ ക്വീൻസ്‌ലാൻഡിൽ സമ്പന്നനായ ഒരു പ്രോപ്പർട്ടി ഡെവലപ്പറായ ഒറ്റോ കൂനയെ കൊലപ്പെടുത്തിയ കേസിലാണ് ആൻഡ്രേയ്‌ക്ക് ജീവപര്യന്തം ജയിൽ ശിക്ഷ ലഭിച്ചത്. ഇതിനിടയിൽ എട്ടു വർഷം അദ്ദേഹത്തിന് പരോളും ലഭിച്ചിരുന്നു. വിക്‌ടോറിയയിലെ അതീവ സുരക്ഷയുള്ള പോർട്ട് ഫിലിപ്പ് ജയലിലാണ് ആൻഡ്രേ കഴിയുന്നത്.
ഓസ്ട്രേലിയയിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു വിഭവമാണ് വെജ്മൈറ്റ്. ബിയർ നിർമ്മാണത്തിലെ ഉപോൽപ്പന്നമാണിത്. ടോസ്റ്റ് ചെയ്ത ബ്രഡിൽ വെണ്ണയ്‌ക്കൊപ്പം പുരട്ടികഴിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കുട്ടികൾക്ക് ബി വിറ്റമിൻ ലഭിക്കുന്നതിനായും വെജ്മൈറ്റ് നൽകാറുണ്ട്. എന്നാൽ, ഉപ്പുരസം അധികമായ വെജ്മൈറ്റിന്റെ രുചി പലർക്കും ഇഷ്ടപ്പെടാറില്ലെന്നും അഭിപ്രായമുണ്ട്. ഓസ്ട്രേലിയ സന്ദർശിച്ച ബറാക് ഒബാമ വെജ്മൈറ്റ് കഴിച്ച ശേഷം അതിന്റെ രുചിയെ 'ഹൊറിബിൾ' എന്നാണ് വിശേഷിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |