ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഹരിയാന ഹിസാർ സ്വദേശിയും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുമായി വെറും പരിചയം മാത്രമാണുള്ളതെന്ന് സുഹൃത്ത് നവങ്കൂർ ചൗധരി. ജ്യോതിയുടെ സുഹൃത്തുക്കളും ചാരപ്പണിയിൽ ഉൾപ്പെട്ടെന്ന വാർത്ത വന്നതിനെ തുടർന്ന് യാത്രി ഡോക്ടർ എന്നറിയപ്പെടുന്ന നവങ്കൂർ ചൗധരി, അടക്കം യൂട്യൂബർമാർ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപം നേരിടുകയാണ്.
ജ്യോതിക്കൊപ്പം പാകിസ്ഥാൻ എംബസിയിലെ ചടങ്ങിൽ നവങ്കൂർ പങ്കെടുത്തിരുന്നു. ആ ചടങ്ങിന്റെ വീഡിയോ ചികഞ്ഞെടുത്താണ് വിമർശനം. ഇൻസ്റ്റാഗ്രാമിൽ 6.5 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചൗധരി, ഒരു തവണ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. തനിക്ക് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്നും പല രാജ്യങ്ങളും സന്ദർശിച്ച കൂട്ടത്തിൽ അവിടെ പോയതാണെന്നും നവങ്കൂർ പറഞ്ഞു. 144 രാജ്യങ്ങൾ സന്ദർശിച്ചെന്നാണ് നവങ്കൂറിന്റെ വാദം.
ജ്യോതി മൽഹോത്രയെ അറിയാമെന്നും അവരുടെ ഫാൻ ആയിരുന്നുവെന്നും അയാൾ വിശദീകരിച്ചു. അവരുടെ മനസിലെന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നവങ്കൂർ പറഞ്ഞു.
സൈനിക രഹസ്യം ചോർന്നില്ല
ജ്യോതിയിൽ നിന്ന് പാകിസ്ഥാന് സൈനിക രഹസ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പക്ഷേ പാക് ഏജൻസികളുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. ജ്യോതിയുടെ ബന്ധങ്ങൾ ഉപയോഗിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കലായിരുന്നു ലക്ഷ്യം.
ജ്യോതിയുടെ സാമ്പത്തിക ഇടപാടുകൾ, യാത്രാ വിശദാംശങ്ങൾ, പഹൽഗാം ഭീകരാക്രമണ സമയത്തെ നീക്കങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഘർഷസമയത്ത് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായി ബന്ധപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |