നാവികസേനയ്ക്ക് പ്രശംസ
പനാജി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂറിൽ ഐ.എൻ.എസ് വിക്രാന്തിന്റെ കരുത്തിൽ ഇന്ത്യൻ നാവികസേന നടത്തിയ തന്ത്രപ്രധാനമായ ആക്രമണത്തെ രാജ്നാഥ്സിംഗ് പ്രശംസിച്ചു.
വിക്രാന്തിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌ത രാജ്നാഥ് നാവിക ഉദ്യോഗസ്ഥരുമായി സംവദിച്ചു. ഓപ്പറേഷനിൽ നാവിക സേന നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ പാകിസ്ഥാൻ നാവികസേനയ്‌ക്ക് അവരുടെ തീരം വിട്ടിറങ്ങാൻ കഴിഞ്ഞില്ല. ഇങ്ങോട്ട് അടുക്കാൻ പോലും ധൈര്യമുണ്ടായില്ല.
നിങ്ങളുടെ ശക്തമായ തയാറെടുപ്പ് ശത്രുവിന്റെ മനോവീര്യം തകർത്തെന്ന് രാജ്നാഥ് നാവികരോട് പറഞ്ഞു. പാകിസ്ഥാന് നിങ്ങളുടെ തയറെടുപ്പ് മാത്രം മതിയായിരുന്നു. നിങ്ങൾ നടപടിയെടുക്കേണ്ട ആവശ്യമില്ലായിരുന്നു. നടപടിയെടുത്തിരുന്നെങ്കിൽ പാകിസ്ഥാൻ നാല് ഭാഗമാകുമായിരുന്നു.
ഇന്ത്യൻ നാവികസേനയുടെ ശക്തി, സൈനിക ചാതുര്യം എന്നിവ അവർ തിരിച്ചറിഞ്ഞു. മാത്രമല്ല, അതിനെ ഭയപ്പെടുകയും ചെയ്തു.
പാകിസ്ഥാൻ കളിച്ചുകൊണ്ടിരുന്ന ഭീകരവാദത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അവർ മനസിലാക്കണം.
ഇനി ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനം നടത്തിയാൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഭീകരവാദ ഭീഷണിയെ വേരോടെ പിഴുതെറിയാൻ എല്ലാ മാർഗങ്ങളും ഇന്ത്യ ഉപയോഗിക്കും. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാനും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |