ബംഗളൂരു: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുക്കുന്ന ഡോഡിയം അയൺ ബാറ്ററി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു.
നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി ചാർജാവാൻ മണിക്കൂറുകൾ വേണ്ടിവരുമ്പോൾ, ഡോഡിയം അയൺ ബാറ്ററി ആറു മിനിറ്റിൽ 80 ശതമാനം ചാർജാവും. ലീഥിയത്തേക്കാൾ ബാറ്ററി വിലയും നന്നേ കുറയും.
ബംഗളൂരു ആസ്ഥാനമായ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്കു പുറമേ സോളാർ ഗ്രിഡുകൾ, ഡ്രോണുകൾ, റൂറൽ ഇലക്ട്രിഫിക്കേഷൻ എന്നിവയ്ക്കും ഉപയോഗിക്കാം.
പ്രൊഫ. പ്രേം കുമാർ സെൻഗുട്ടുവൻ, പിഎച്ച്.ഡി സ്കോളർ ബിപ്ലാബ് പത്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിൽ. ആത്മനിർഭർ ഭാരത് മിഷന് കീഴിൽ തദ്ദേശീയമായി ബാറ്ററി നിർമ്മിക്കുകയാണ് ലക്ഷ്യം. 1970കളിൽത്തന്നെ സോഡിയം അയൺ ബാറ്ററി എന്ന ആശയം ഗവേഷകർ മുന്നോട്ടുവച്ചിരുന്നു.
ഇലക്ട്രോ കെമിക്കൽ മെറ്റീരയിൽസിന്റെ ഭാഗമായ NASICON ടൈപ്പ് കെമിസ്ട്രി അടിസ്ഥാനമാക്കിയാണ് കണ്ടുപിടിത്തം. നാനോ സൈസിംഗ്, കാർബൺ കോട്ടിംഗ്, അലൂമിനിയം സബ്സ്റ്റിറ്റ്യൂഷൻ എന്നിങ്ങനെ മൂന്ന് പ്രക്രിയകൾ പ്രയോജനപ്പെടുത്തിയാണ് സൂപ്പർ ഫാസ്റ്റ് ബാറ്ററി നിർമ്മിച്ചത്.
ചൈനയും ഫോക്സ്‌വാഗൺ പോലുള്ള വാഹന നിർമ്മാതാക്കളും സോഡിയം അയൺ ബാറ്ററി പരീക്ഷിച്ചിട്ടുണ്ട്. നിലവിൽ ബാറ്ററികൾ നിർമ്മിക്കാനാവശ്യമായ
ലിഥിയം ചൈനയിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
സുരക്ഷിതം
# 30,000ലധികം തവണ ചാർജ് ചെയ്യാനാവും
# ലിഥിയം ബാറ്ററിയെക്കാൾ ആയുസ്, സുരക്ഷിതം
# പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും
# ചാർജിംഗ് കപ്പാസിറ്റി കൂടുതൽ
സോഡിയം സുലഭം
നമ്മുടെ രാജ്യത്തിന് അഭിമാനം കൊള്ളാവുന്ന രാജ്യത്തെ ഊർജമേഖലയെ പിടിച്ചു കുലുക്കുന്ന വികാസമാണുണ്ടായിരിക്കുന്നത്. ലിഥിയം രണ്ട് കാര്യങ്ങൾകൊണ്ട് അപകടകരമാണ്. ഒന്ന് ലിഥിയം ബാറ്ററി വേസ്റ്റ് ആകുമ്പോൾ പ്രശ്നമാണ്. ലിഥിയം എക്സ്ട്രാറ്റ് ചെയ്യുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന രീതിയിലാണ്. പുതിയ ബാറ്ററി വരികയാണെങ്കിൽ ലിഥിയത്തിന്റെ ഉപയോഗം നമുക്കാവശ്യമില്ല.
(ഡോ.അച്യുത് ശങ്കർ
എസ്.നായർ,
പ്രമുഖ ശാസ്ത്ര
നിരീക്ഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |