ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 'വെസ്റ്റ് ആർക്ടിക്ക" എന്ന ഇല്ലാത്ത രാജ്യത്തിന്റെ അംബാസഡറായി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.
'എംബസി" കെട്ടിടത്തിൽ അംബാസഡറായി എട്ടു വർഷം വിലസിയ ഹർഷവർദ്ധൻ ജെയിൻ നടത്തിയത് വിദേശ ജോലി തട്ടിപ്പും ഹവാല റാക്കറ്റും. കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കലും. ആഡംബര ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ജെയിൻ എംബസി നടത്തിയിരുന്നത്. ഇവിടെ നിന്ന്
ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് വ്യാജ നയതന്ത്ര പാസ്‌പോർട്ടുകളും വ്യാജ കറൻസികളും പിടിച്ചെടുത്തു. വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖർക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ചു. വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകൾഎസ്.ടി.എഫ് സംഘം കസ്റ്റഡിയിലെടുത്തു.
വെസ്റ്റ് ആർക്ടിക്കയ്ക്കുപുറമെ സബോർഗ, പോൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ കോൺസുലായി നടിച്ചും തട്ടിപ്പ് നടത്തി. അനധികൃതമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുറച്ച് ദിവസം മുമ്പ് വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറൽ എന്ന പേരിൽ ഇയാൾ ചിത്രങ്ങൾ പങ്കുവച്ചിരുന്നതായും എസ്.ടി.എഫ് പറയുന്നു.
വഴി കാട്ടി ചന്ദ്രസ്വാമി
ഗാസിയാബാദിലെ വ്യവസായിയുടെ മകനായ ഹർഷവർദ്ധൻ വിവാദ ആൾദൈവം ചന്ദ്രസ്വാമിയെ പരിചയപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ വഴിയിലെത്തുന്നത്. ചന്ദ്രസ്വാമിയുടെ സഹായത്തോടെ ലണ്ടനിലേക്ക് പോയ ഹർഷവർദ്ധൻ കള്ളപ്പണം വെളുപ്പിക്കാൻ ലക്ഷ്യമിട്ട് ഏതാനും കമ്പനികൾ തുടങ്ങി. രാജ്യാന്തര ആയുധവ്യാപാരിയായ അദ്‌നാൻ ഖഷോഗ്ജിയുമായും ഹർഷവർദ്ധന് ബന്ധമുള്ളതായി സംശയമുണ്ട്. ചന്ദ്രസ്വാമിയുടെ മരണശേഷം ഇയാൾ ഗാസിയാബാദിൽ തിരിച്ചെത്തി എംബസി തുടങ്ങുകയായിരുന്നു.
വെസ്റ്റ് ആർക്ടിക്ക
യു.എസ് നാവികസേന ഉദ്യോഗസ്ഥനായ ട്രാവിസ് മക്‌ഹെൻറിയാണ് 2001ൽ വെസ്റ്റ് ആർക്ടിക്ക എന്ന രാജ്യം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗ്രാൻഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപിച്ചു. അന്റാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന വെസ്റ്റ് ആർക്ടിക്ക 6,20,000 ചതുരശ്ര മൈൽ വിസ്തീർണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം. അന്റാർട്ടിക്ക ഉടമ്പടിയിൽ അന്റാർട്ടിക്കയിലെ ചില ഭാഗങ്ങളിൽ അവകാശമുന്നയിക്കുന്നതിന് രാജ്യങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ സ്വകാര്യവ്യക്തികളെക്കുറിച്ച് ഉടമ്പടിയിൽ പറയുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് ട്രാവിസ് രാജ്യം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |