
ബീജദാനത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന പ്രക്രിയ ലോകത്തിന്റെ പല കോണുകളിലും ഇന്ന് വ്യാപകമാണ്. ഇത്തരത്തില്‍ 197 കുട്ടികളുടെ ജന്മത്തിനായി ബീജം ദാനം ചെയ്ത പിതാവില്‍ കണ്ടെത്തിയിരിക്കുന്നത് അപൂര്‍വമായ ജനിതക വ്യതിയാനമാണ്. ഇതാകട്ടെ ക്യാന്‍സറിന് പോലും കാരണമാകുന്നവയും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലാണ് ഇയാളുടെ ബീജത്തില്‍ നിന്ന് 197 കുട്ടികള്‍ പിറന്നത്. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സ്പേം ബാങ്ക് (ഇഎസ്ബി) മുഖേനെയാണ് ഇയാളുടെ ബീജം 14 രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലേക്കായി വിതരണം ചെയ്തത്.
14 മാദ്ധ്യമ സ്ഥാപനങ്ങള്‍ ഒരുമിച്ച് നടത്തിയ ഒരു അന്വേഷണ പരമ്പരയിലാണ് ഈ ഗുരുതരമായ സ്ഥിതി കണ്ടെത്തിയത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ മ്യൂട്ടേഷന്‍ സാധാരണയായി നടത്തുന്ന പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. വിശദമായ പരിശോധനയിലാണ് ജനിതക വ്യതിയാനം സംബന്ധിച്ചുള്ള കണ്ടെത്തല്‍. ഇയാളുടെ ബീജദാനത്തിലൂടെ ജനിച്ച പല കുട്ടികള്‍ക്കും ഇതിനകം കാന്‍സര്‍ സ്ഥിരീകരിക്കുകയും ചില കുട്ടികള്‍ ചെറുപ്പത്തിലേ മരിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കെ 2005 മുതലാണ് ഇയാള്‍ ബിജദാനം ആരംഭിച്ചത്. 2022 വരെയും ഇയാള്‍ ബീജദാനം നടത്തിവരികയായിരുന്നു. സാധാരണഗതിയില്‍ നടത്താറുള്ള എല്ലാ പരിശോധനകളിലും വിജയിച്ചതിന്റെ അടിസ്ഥാനത്തിലും ആരോഗ്യപരമായി മറ്റ് പ്രശ്‌നങ്ങളില്ലാത്തിനാലും ഇയാളുടെ ബീജത്തില്‍ നടത്തിയ ഒരു പരിശോധനയിലും വ്യതിയാനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബീജദാതാവിന്റെ ജനനത്തിന് മുമ്പ് തന്നെ മ്യൂട്ടേഷന്‍ സംഭവിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
യുവാവില്‍ നിന്ന് ശേഖരിച്ച ആകെ ബീജത്തില്‍ 20 ശതമാനത്തിലാണ് ക്യാന്‍സറിന് കാരണമാകുന്ന ജനിതക വ്യതിയാനം കണ്ടെത്തിയത്. ഇവയില്‍ നിന്ന് ജനിച്ച കുട്ടികളുടെ കോശങ്ങളിലെല്ലാം തന്നെ ക്യാന്‍സറിന് കാരണമാകുന്ന മ്യൂട്ടേഷന്‍ സംഭവിക്കും. അതുകൊണ്ട് തന്നെ ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതലാണ്. 2023ലാണ് പ്രശ്‌നങ്ങളുള്ള ബീജദാതാവിനെ തിരിച്ചറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |