ന്യൂഡൽഹി: ബീഹാറിൽ നടപ്പാക്കുന്ന വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ-എസ്.ഐ.ആർ) ദുരൂഹത ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. ഉപരാഷ്‌ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്‌ദീപ് ധൻകറിന്റെ രാജിയുടെ കാരണം വ്യക്തമാക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇരുസഭകളിലുമുയർത്തി.
ബീഹാർ എസ്.ഐ.ആറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ സഭ സമ്മേളിക്കുന്നതിന് മുമ്പ് പാർലമെന്റ് കവാടത്തിൽ ധർണ നടത്തിയിരുന്നു. രാവിലെ 11ന് നടപടികൾ തുടങ്ങിയതോടെ പ്ലക്കാർഡുകൾ വീശിയും മുദ്രാവാക്യം വിളിച്ചും നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. രണ്ട് സഭകളും ആദ്യം ഉച്ചയ്ക്ക് 12വരെയും പിന്നീട് ഉച്ചയ്ക്ക് 2 വരെയും നിറുത്തിവച്ച ശേഷമാണ് ഇന്നത്തേക്ക് പിരിഞ്ഞത്. ഉത്തരവാദിത്വങ്ങളെക്കുറിച്ച് പ്രതിപക്ഷ എം.പിമാർ ആത്മപരിശോധന നടത്തണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു.
മുന്നറിയിപ്പുമായി രാഹുൽ
വോട്ടർ പട്ടിക പരിഷ‌്‌കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിസാരമായി അതു നടപ്പാക്കി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും ഞങ്ങൾ പിന്നാലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച ഇമെയിൽ സന്ദേശത്തിന്റെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
കർണാടകയിൽ 50-65 പ്രായമുള്ള വോട്ടർമാരെ നീക്കം ചെയ്തതും വലിയ തോതിൽ ചേർത്തതും ഉൾപ്പെടെ 100 ശതമാനം കൃത്രിമത്വത്തിന് തെളിവ് തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ധൻകറിന് സംഭവിച്ചതെന്ത്
ഉപരാഷ്‌ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്‌ദീപ് ധൻകറിന്റെ രാജിയുടെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിൽ സമ്മർദ്ദം തുടരുന്നു. ഈ വിഷയത്തിൽ രാജ്യസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾ സർക്കാർ അവഗണിച്ചു.പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് രാജിയുടെ രാഷ്ട്രീയ സ്വഭാവം വെളിപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.പ്രധാനമന്ത്രിയുടെയും മുതിർന്ന മന്ത്രിമാരുടെയും സമ്മർദ്ദത്തെത്തുടർന്നാണ് ധൻകർ രാജിവച്ചതെന്ന് തൃണമൂൽ എംപി കല്യാൺ ബാനർജി പറഞ്ഞു.
ബീഹാർ വോട്ടർ പട്ടിക പുതുക്കൽ : മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഈമാസം 28ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |