ന്യൂഡൽഹി: ചന്ദ്രയാൻ വിക്ഷേപണവും ശുഭാംശു ശുക്ലയുടെ യാത്രയും ശാസ്ത്ര, ബഹിരാകാശ വിഷയങ്ങളിലുള്ള കുട്ടികളുടെ ജിജ്ഞാസ വർദ്ധിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്ത് നിന്നുള്ള ശുഭാംശുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. രാജ്യം അഭിമാനിച്ചു. 2023 ആഗസ്റ്റിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡിംഗ് നടത്തിയപ്പോഴും രാജ്യത്ത് പുതിയ ഒരു അന്തരീക്ഷം രൂപപ്പെട്ടു. ശാസ്ത്രത്തെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും കുട്ടികളിൽ ജിജ്ഞാസ രൂപപ്പെട്ടു. അവർ ബഹിരാകാശത്ത് പോകാനും സ്പേസ് സയന്റിസ്റ്റ് ആകാനും താത്‌പര്യം കാണിക്കുന്നു.
ചന്ദ്രയാൻ 3ന് ശേഷം രാജ്യത്ത് സ്പേസ് സ്റ്റാർട്ടപ്പുകളും അതിവേഗം വളരുകയാണ്. അഞ്ച് വർഷം മുമ്പ് 50ൽ താഴെ ആയിരുന്ന സ്റ്റാർട്ടപ്പുകൾ ഇന്ന് 200ലധികമായി. ആഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനാഘോഷത്തിന് അനുയോജ്യമായ ആശയങ്ങൾ നിർദ്ദേശിക്കാൻ മോദി കുട്ടികളോട് നിർദ്ദേശിച്ചു.
ശുചിത്വത്തിന് മുൻഗണന
രാജ്യം ഒന്നിച്ച് ചിന്തിച്ചാൽ, ഒന്നും അസാദ്ധ്യമല്ല എന്നതിന്റെ തെളിവാണ് ശുചിത്വം മുദ്രാവാക്യമാക്കിയ ‘സ്വച്ഛ് ഭാരത് മിഷൻ’ എന്നും മോദി പറഞ്ഞു. 11 വർഷം പൂർത്തിയാകുന്ന പദ്ധതിയുടെ പ്രാധാന്യം ഒരിക്കലും ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും എല്ലാ നിമിഷവും ശുചിത്വത്തിന് മുൻഗണന നൽകിയാൽ മാത്രമേ രാജ്യം വൃത്തിയോടെ നിലനിൽക്കൂ. ‘സ്വച്ഛ് ഭാരത് മിഷൻ’ ഒരു ജനകീയ പ്രസ്ഥാനമായി മാറി. ആളുകൾ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തു. സ്വച്ഛ് സർവേയിൽ ഇക്കൊല്ലം രാജ്യത്തെ 4500ൽ അധികം നഗരങ്ങളും ചെറുപട്ടണങ്ങളും പങ്കു ചേർന്നു. 15 കോടിയിലധികം ആളുകൾ പങ്കെടുത്തത് വലിയ കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |