ധർമ്മസ്ഥല (കർണ്ണാടക):ക്ഷേത്രനഗരമായ ധർമ്മസ്ഥലയിൽ കൊന്നു കുഴിച്ചുമൂടിയ സത്യങ്ങൾ വെളിച്ചത്തുകൊണ്ടു വരുന്നതിനായി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള അന്വേഷണം എസ്.ഐ.ടി നിർത്തുന്നു. കർണ്ണാടക നിയമസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. ധർമ്മസ്ഥലയിൽ സന്ദർശനം നടത്തിയ ബി.ജെ.പി അംഗങ്ങൾ വിഷയം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് അന്വേഷണത്തിൽ നിന്ന് പിറകോട്ടുപോകുന്നതായി സർക്കാർ അറിയിച്ചത്.
എസ്.ഐ.ടി അന്വേഷണ സംഘത്തിന്റെ മണ്ണുമാന്തിയുള്ള പരിശോധന ഇനി ഉണ്ടാകില്ല. മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അടയാളപ്പെടുത്തി നൽകിയ 17 ഇടങ്ങളിൽ മണ്ണുമാന്തി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ തിരച്ചിൽ നടത്തിയിരുന്നു. ചില പോയിന്റുകളിൽ നിന്ന് ലഭിച്ച തലയോട്ടിയും അസ്ഥികളും ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കും. ഫോറൻസിക് ഫലം വരുന്നത് വരെ തുടർനടപടികൾ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ജൂലായ് മൂന്നിന് ആണ് ശുചീകരണ തൊഴിലാളി ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 1995 മുതൽ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ സൂപ്പർവൈസറുടെ ഭീഷണിയെ തുടർന്ന് കൊലചെയ്യപ്പെട്ട നൂറോളം യുവതികളുടെയും പെൺകുട്ടികളുടെയും അമ്മമാരുടെയും മൃതദേഹങ്ങൾ ധർമ്മസ്ഥല നേത്രാവതി കരയിലെ സ്നാനഘട്ടിലും കാട്ടിലുമായി കഴിച്ചിട്ടുണ്ട് എന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
ജൂലൈ 11 ന് കോടതിയിൽ ഹാജരാക്കിയ ഇയാളിൽ നിന്ന് രഹസ്യമൊഴിയെടുത്തു.ദിവസങ്ങൾ കഴിഞ്ഞിട്ടും ധർമ്മസ്ഥല പൊലീസ് അന്വേഷണം തുടങ്ങുന്നില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ജൂലായ് 19 ന് അന്വേഷണത്തിനായി കർണ്ണാടക സർക്കാർ എസ്.ഐ.ടി സംഘത്തെ നിയോഗിച്ചു.
പരിശോധനയിൽ ഉടനീളം കനത്ത സമ്മർദ്ദം
സാക്ഷി കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്തുന്നതിന് ഇടയിൽ അന്വേഷണം നിർത്തുന്നതിന് എസ്.ഐ.ടി സംഘത്തിനും കർണ്ണാടക സർക്കാരിനും മേൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു.കർണ്ണാടകയിലെ ബി.ജെ.പി നേതാക്കൾ രാജ്യസഭ എം.പി കൂടിയായ ധർമ്മസ്ഥല ധർമ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്‌ഡെയെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ആരോപണവും അന്വേഷണവും എല്ലാം ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു ബി. ജെ.പി നേതൃത്വത്തിന്റെ കുറ്റപ്പെടുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |