ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റിന്റെ പിതാവ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. അപകടത്തിൽ ക്യാപ്റ്റൻ സുമീത് അഗർവാൾ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് 91 വയസുള്ള പുഷ്‌കരാജ് സബർവാളാണ് കത്തയച്ചത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്ര അന്വേഷണം അനിവാര്യമാണ്. പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ കോക്പിറ്റിൽ നടന്ന പ്രവൃത്തികളെ കുറിച്ചാണ് പറയുന്നത്. തന്റെ മകൻ മനപ്പൂർവ്വം അപകടം വരുത്തിവച്ചുവെന്ന നിലയിലാണ് ആ റിപ്പോർട്ട്. മകന്റെ പേരിന് കളങ്കമുണ്ടാക്കാൻ ശ്രമം നടക്കുന്നു. 25 വർഷത്തെ സേവനത്തിനിടെ ഒരു അപകടം പോലും ക്യാപ്റ്റൻ സുമീത് അഗർവാൾ വരുത്തിയിട്ടില്ല. ബോയിംഗ് വിമാനത്തിന്റെ പിഴവാണോയെന്ന് പരിശോധിക്കപ്പെടണം. മകനെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിലുള്ള വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകരുത്. തന്റെ ഈ അഭ്യർത്ഥന നിരസിക്കപ്പെട്ടാൽ കേന്ദ്രത്തിനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും പിതാവ് കത്തിൽ മുന്നറിയിപ്പ് നൽകി.
ഇക്കഴിഞ്ഞ ജൂലായ് 12നായിരുന്നു അഹമ്മദാബാദിലെ വിമാന ദുരന്തം. എൻജിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണ് അപകടമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി) പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് മാറിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതോടെ, പൈലറ്റുമാർക്ക് പിഴവ് പറ്റിയോയെന്ന ചോദ്യമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |