ന്യൂഡൽഹി: സംസ്ഥാനപദവി ആവശ്യപ്പെട്ടുള്ള സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ട ലഡാക്ക് സാധാരണ നിലയിലേക്ക്. നാലു ദിവസം നീണ്ട അക്രമം നിയന്ത്രണ വിധേയമായതിന് പിന്നാലെ കർഫ്യൂവിയിൽ ഇളവുവരുത്തിയിരുന്നു. ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. 24 ന് സുരക്ഷാ സേനയുടെ വെടിവയ്പിൽ ലേയിൽ കൊല്ലപ്പെട്ട ഇഗൂ ഗ്രാമത്തിൽ നിന്നുള്ള സ്റ്റാൻസിൻ നംഗ്യാൽ (24), ഖർനക്ലിംഗ് ഗ്രാമത്തിൽ നിന്നുള്ള ജിഗ്മെറ്റ് ഡോർജയ് (25) എന്നിവരുടെ സംസ്‌കാരം സമാധാനപരമായി നടന്നു.
ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ അടക്കം 30-40 ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. കൊല്ലപ്പെട്ട റിഞ്ചൻ ദാദുൽ (20), മുൻ സൈനികൻ ത്സെവാങ് താർച്ചിൻ(46) എന്നിവരുടെ അന്ത്യകർമ്മങ്ങൾ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. ലഡാക്കിൽ പഴയ നഗരത്തിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്നു വരെയും പ്രാന്തപ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് 3:30 മുതൽ 5 വരെയും അവശ്യവസ്തുക്കൾ വാങ്ങാൻ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ, ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്‌തു. ലഡാക്ക് ചീഫ് സെക്രട്ടറി ഡോ. പവൻ കോട്‌വാൾ, ഡിജിപി എസ്.ഡി. സിംഗ് ജാംവാൾ, സി.ആർ.പി.എഫ്, ഐ.ടി.ബി. പി, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) പ്രകാരം അറസ്റ്റു ചെയ്‌ത സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ലേയിൽ നിന്ന് ജോധ്പൂർ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |