
ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലവും കുറ്റകൃത്യത്തിന്റെ ഗൗരവവും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നിർണായക ഘടകങ്ങളാണെന്ന് സുപ്രീംകോടതി. സ്ഥിരം കുറ്റവാളികളായ അഞ്ച് പ്രതികൾക്ക് ഒരു അക്രമക്കേസിൽ പാട്ന ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്‌ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധി. ഹീന സ്വഭാവമുള്ള പ്രതികൾ ജാമ്യം നേടി സമൂഹത്തിലിറങ്ങുന്നത് നീതിനിർവ്വഹണത്തിലുള്ള പൊതുജന വിശ്വാസത്തെ തകർക്കാനിടയുണ്ട്. നീതിയുടെയും നിയമവാഴ്ചയുടെയും ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജാമ്യം റദ്ദാക്കാവുന്നതാണ്. ഇത്തരക്കാർക്ക് ജാമ്യം ലഭിക്കുന്നത് ഗുരുതര സ്വഭാവമുള്ള അക്രമങ്ങൾ ആസൂത്രണം ചെയ്യാൻ ഇടയാക്കുന്നു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഗൗരവം എന്നിവ പരിശോധിക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടു.
കേസിന് ആസ്‌പദമായ ഗുരുതര കുറ്റകൃത്യങ്ങൾ പൊതു ക്രമത്തിന്റെയും നിയമവാഴ്ചയുടെയും കാതലിനെ ബാധിക്കും. അതിനാൽ, പ്രതികളെ ജാമ്യത്തിൽ വിടുന്നതിന് മുമ്പ് ജാഗ്രതയോടെയും സൂക്ഷ്മതയോടെയും ജുഡീഷ്യൽ വിവേചനാധികാരം പ്രയോഗിക്കേണ്ടതുണ്ട്. വിചാരണാ വേളയിൽ തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |