
ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന എ.ഐ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള എക്‌സ്‌പോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു റോബോ ഡോഗ്. 'ഒറിയോൺ" എന്നുപേരിട്ട റോബോയെ തങ്ങൾ വികസിപ്പിച്ചതാണെന്നാണ് ഉത്തർപ്രദേശിലെ ഗാൽഗോത്തിയാസ് സർവകലാശാല മേനി പറഞ്ഞത്. എന്നാൽ ചൈനീസ് റോബോട്ടിക്‌സ് നിർമ്മാണ കമ്പനിയായ യുണിട്രീ നിർമ്മിച്ച റോബോട്ടാണതെന്നും രണ്ടരലക്ഷം കൊടുത്ത് സർവകലാശാല വാങ്ങിയതാണെന്നും തെളിവുസഹിതം പുറത്തുവന്നതോടെ സർവകലാശാല പെട്ടു. വിവാദവും ആളിക്കത്തി. എ.ഐയുടെ കാര്യത്തിൽ മോദി സർക്കാർ ആഗോളതലത്തിൽ ഇന്ത്യയെ പരിഹാസ കഥാപാത്രമാക്കിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ കഴിവും ഡേറ്റയും പ്രയോജനപ്പെടുത്തുന്നതിന് പകരം ചൈനീസ് ഉത്പന്നങ്ങളാണ് ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ഉച്ചകോടി പി.ആർ വേലയായി മാറിയെന്നും പറഞ്ഞു. വിവാദമുയർന്ന് മണിക്കൂറുകൾക്കകം ഗാൽഗോത്തിയാസ് സർവകലാശാലയുടെ പവലിയനിലെ വൈദ്യുതി വിച്ഛേദിച്ചു. ഉടൻ സാധനസാമഗ്രികളും കെട്ടിപെറുക്കി പുറത്തുപോകാൻ അധികൃതർ നിർദ്ദേശിച്ചു. അതേസമയം, റോബോ ഡോഗ് തങ്ങൾ വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നാണ് ഗാൽഗോത്തിയാസ് സർവകലാശാലയുടെ ന്യായീകരണം. ദുഷ്പ്രചാരണം നടക്കുന്നുവെന്നും അതിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം ദുഃഖിതരാണെന്നും പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |