
ന്യൂഡൽഹി: സമൂഹത്തിലെ ദുർബല - പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സൗജന്യ ക്വാട്ട ഉറപ്പാക്കണമെന്ന് വിധിച്ച് സുപ്രീംകോടതി. സ്വകാര്യ അൺ എയിഡഡ്, സ്‌പെഷ്യൽ കാറ്റഗറി സ്‌കൂളുകളിലെ പ്രൈമറി-അപ്പർ പ്രൈമറി ക്ലാസുകളിലെ 25% സീറ്റുകളിൽ പിന്നാക്കക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നത്. ഇതുറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കുട്ടികൾക്ക് ചെലവാക്കുന്ന തുക സർക്കാരിൽ നിന്ന് ഈടാക്കാൻ സ്വകാര്യ സ്‌കൂളുകൾക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി.
മക്കൾക്ക് സ്വകാര്യ സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസത്തിനുള്ള 25% ക്വാട്ടയിൽ പ്രവേശനം നിഷേധിച്ചെന്ന് കാണിച്ച് മഹാരാഷ്ട്രയിലെ പിന്നാക്കക്കാരായ മാതാപിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഓൺലൈൻ വഴി നടക്കുന്ന പ്രവേശനത്തിന് ഈ ക്വാട്ടയിൽ അപേക്ഷിക്കാനാകില്ലെന്നാണ് സ്വകാര്യ സ്‌കൂൾ നിലപാടെടുത്തത്. വിഷയത്തിലെ വിധി സുപ്രീംകോടതി രാജ്യവ്യാപകമായി ബാധകമാക്കി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനെ കേസിൽ കക്ഷിയാക്കി. ഉത്തരവ് നടപ്പാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |