
ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു.യുദ്ധമുഖത്ത് ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്‌ടറിൽ രാഷ്ട്രപതി സഞ്ചരിക്കുന്നതും ആദ്യം.
ഇന്നലെ വൈകിട്ട് പൊക്രാൻ റേഞ്ചിൽ നടന്ന 'വായു ശക്തി' വ്യോമസേനാ പ്രകടനം വീക്ഷിക്കാൻ എത്തിയപ്പോഴായിരുന്നു രാഷ്‌ട്രപതിയുടെ കോപ്‌ടർ ദൗത്യം.
രാജസ്ഥാനിലെ ജയ്‌സാൽമീർ വ്യോമതാവളത്തിൽ നിന്ന് രാഷ്‌ട്രപതിയുമായി പുറപ്പെട്ട ഹെലികോപ്‌ടർ പൊക്രാൻ മരുഭൂമിക്ക് മുകളിലൂടെ അരമണിക്കൂറോളം പറന്നു.മറ്റൊരു പ്രചണ്ഡ് ഹെലികോപ്‌ടറിൽ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ. പി. സിംഗ് അനുഗമിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റൻ നയൻ ശാന്തിലാൽ ബഹുവയ്‌ക്കൊപ്പം പറന്ന രാഷ്‌ട്രപതി ഗാഡിസർ തടാകത്തിനും ജയ്സാൽമീർ കോട്ടയ്ക്കും മുകളിലൂടെ വലംവച്ചു. ടാങ്കുകൾ അടക്കം ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കുന്ന വിധം ഗ്രൂപ്പ് ക്യാപ്റ്റൻ നയൻ ശാന്തിലാൽ രാഷ്‌ട്രപതിക്ക് കാട്ടിക്കൊടുത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അംബാലയിലെ വ്യോമസേനാ സ്റ്റേഷനിൽ റാഫേൽ യുദ്ധവിമാനത്തിലും 2023 ഏപ്രിലിൽ, അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനത്തിലും പറന്ന് ചരിത്രം കുറിച്ചിരുന്നു.
ഇന്ത്യയുടെ ആദ്യ
യുദ്ധ കോപ്ടർ
തദ്ദേശീയമായ രൂപകൽപ്പനയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എൽ) നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ യുദ്ധ ഹെലികോപ്റ്ററാണ് എൽ.സി.എച്ച് പ്രചണ്ഡ്.
നൂതന ഏവിയോണിക്‌സ്, സ്റ്റെൽത്ത് സവിശേഷതകൾ, രാത്രി ആക്രമണ ശേഷി, ആകാശ, കര ലക്ഷ്യങ്ങളിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, 20 എം.എം തോക്ക് എന്നിവയുൾപ്പെടെ ശക്തമായ ആയുധങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
2022 ഒക്ടോബറിൽ വ്യോമസേനയിൽ പ്രവേശിച്ച ദിവസം ജോധ്പൂർ വ്യോമസേനാ സ്റ്റേഷനിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പ്രചണ്ഡിൽ സഞ്ചരിച്ചിരുന്നു.
പ്രചണ്ഡ് ഹെലികോപ്റ്റർ സ്വാശ്രയത്വത്തിന്റെ ശക്തമായ പ്രതീകമാണ്. ജയ്സാൽമീർ ജില്ലയ്ക്ക് മുകളിലൂടെ പറന്നത് മികച്ച അനുഭവമായിരുന്നു. നമ്മുടെ ധീരരായ സൈനികർക്ക് എന്റെ ഹൃദയംഗമമായ ആശംസകളും അഗാധമായ നന്ദിയും അറിയിക്കുന്നു. ജയ് ഹിന്ദ്, ജയ് ഭാരത്``
-രാഷ്‌ട്രപതി ദ്രൗപദിമുർമു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |