
ചെന്നൈ: മികച്ച വിജയം നേടിയേ തീരൂ എന്ന നിർണാക സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് കീഴടക്കി നിഴൽ വീണിരുന്ന സെമി സ്വപ്നങ്ങൾ വീണ്ടും സജീവമാക്കി ടീം ഇന്ത്യ. ഗ്രൂപ്പ് 1ലെ മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ചതും ഇന്ത്യയുടെ സാധ്യതകൾ വർദ്ധിപ്പിച്ചു. മാർച്ച് 1ന് നടക്കുന്ന ഇന്ത്യ- വെസ്‌റ്റിൻഡീസ് മത്സരം ശരിക്കും സെമി ഫൈനലായി.
ജയിക്കുന്ന ടീമിന് സെമിയിൽ എത്താം.
ചെന്നൈയിലെ ചെപ്പോക്കിൽ ആദ്യംബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 256/4 എന്ന റെക്കാഡ് സ്കോർ നേടി. മറുപടിക്കിറങ്ങിയ സിംബാബ്‌വെ ബ്രിയാൻ ബെന്നറ്റിന്റെ നേതൃത്വത്തിൽ
ധീരമായി പൊരുതിയെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 184 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.
സഞ്ജു വന്നത് നന്നായി,
റൺ അഭിഷേകം
പതിവിനു വിപരീതമായി ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്‌ക്കായി ബാറ്റെടുത്തവരെല്ലാം നല്ല പ്രകചനം നടത്തി.താളം കണ്ടെത്തിയ അഭിഷേക് ശർമ്മയും (30 പന്തിൽ 55), അടിച്ചു തകർത്ത ഹാർദിക് പാണ്ഡ്യയും (പുറത്താകാതെ 23 പന്തിൽ 50) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. തിലക് വർമ്മ(പുറത്താകാതെ 18 പന്തിൽ 44), ഇഷാൻ കിഷൻ (24 പന്തിൽ 38), സൂര്യകുമാർ യാദവ് (13 പന്തിൽ 33), സഞ്ജു സാംസൺ (13 പന്തിൽ 24) എന്നിവരെല്ലാം നിർണായക സംഭാവന ബാറ്റ് കൊണ്ട് നൽകി.
ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണായിരുന്നു (15 പന്തിൽ 24) അഭിഷേക് ശർമ്മയ്‌ക്കൊപ്പം (30 പന്തിൽ 55) ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. ഇന്നിംഗ്‌സിലെ രണ്ടാം പന്തിൽ റിച്ചാർഡ് എൻഗരാവയ്‌ക്കെതിരെ സിക്‌സടിച്ചാണ് സഞ്ജു ഇന്ത്യൻ റൺസ് അക്കൗണ്ട് തുറന്നത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും 23 പന്തിൽ 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സഞ്ജുവിനെ പുറത്താക്കി മുസറബനിയാണ് നാലാം വിക്കറ്റിൽ കൂട്ടുകെട്ട് പൊളിച്ചത്. പതിവുപോലെ നല്ല തുടക്കം മുതലാക്കാനാകാതെയായിരുന്നു സഞ്ജുവിന്റെ മടക്കം. മൂന്നാമനായെത്തിയ ഇഷാനും അഭിഷേകിനൊപ്പം ഇന്ത്യൻ സ്കോർ മുന്നോട്ടു കൊണ്ടുപോയി.പവർ പ്ലേയിൽ പിറന്നത് 80 റൺസാണ്. 9.1 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ടീം സ്കോർ 120ൽ വച്ച് ഇഷാനെ സിംബാബ്‌വെ ക്യാപ്‌ടൻ സിക്കന്ദർ റാസ പുറത്താക്കി. പകരത്തിയ ക്യാപ്ടൻ സൂര്യ കുമാരും തുടക്കം മുതലേ അടി തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ടീം സ്കോർ 150ൽ എത്തിയതിന് പിന്നാലെ കന്നി ലോകകപ്പ് അർദ്ധ സെഞ്ച്വറി തികച്ച അഭിഷേകിനെ മപോസ മടക്കി. സൂര്യ എൻഗരാവയുടെ പന്തിൽ ടൈമിംഗ് തെറ്റി മുസെകിവയ്‌ക്ക് ക്യാച്ച് നൽകി പുറത്തായി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച തിലകും ഹാർദികും താണ്ഡവമാടിയതോടെ ഇന്ത്യൻ സ്കോർ ഇരുന്നൂറും ഇരുന്നൂറ്റമ്പതും കടന്ന് ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ റെക്കാഡ് സ്കോറിൽ എത്തുകയായിരുന്നു.16.4 ഓവറിൽ ഇന്ത്യൻ ,സ്കോർ 200 കടന്നു. ഇന്നിംഗ്‌സിലെ അവസാന രണ്ട് പന്തും ഹാർദിക് സിക്സിന് പറത്തി. തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ ഹാർദിക്കും തിലകും കൂട്ടിച്ചേർത്തത് വെറും 31 പന്തിൽ 84 റൺസാണ്.
സിംബാബ്‌വെയുടെ പോരാട്ടം
സിംബാബ്‌വെയ്‌ക്കായി ബ്രിയാൻ ബെന്നറ്ര് പൊരുതിയെങ്കിലും ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലെത്താൻ അധികം പിന്തുണ കിട്ടിയില്ല. ( ക്യാപ്ടൻ സിക്കന്ദർ റാസയും (21 പന്തിൽ 31), ഓപ്പണർ മറുമനിയും (20) തിളങ്ങി. ഇന്ത്യയ്‌ക്കായി അർഷ്‌ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
സഞ്ജു,അക്ഷർ ഇൻ
പ്രതീക്ഷച്ചപോലെ മലയാളി താരം സഞ്ജു സാംസണും സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തിയപ്പോൾ റിങ്കു സിംഗിനും അക്ഷർ പട്ടേലിനും സ്ഥാനം നഷ്ടമായി.
256/4- ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടലാണ് ഇന്നലെ
ഇന്ത്യ നേടിയ 256/4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |