ന്യൂഡൽഹി: അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് റെയിൽവെ സ്റ്റേഷനിൽ കുടുങ്ങിയ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു. യു.പിയിൽ ഗാസിപ്പൂരിന് സമീപം സമാനിയ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്ന് റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ദാനാപൂർ - ആനന്ദ് വിഹാർ ടെയിനിൽ മൊറാദാബാദിൽ നിന്ന് ഭഗൽപൂരിലേക്ക് പോകുകയായിരുന്ന ബീഹാർ സ്വദേശിനിയായ ഗുഡിയ ദേവിയാണ് (28) പെൺകുഞ്ഞിന് ജന്മം നൽകിയത്. വൈദ്യസഹായം ഒന്നും ലഭ്യമാകാതെ ട്രെയിനിലെ ഡി - 17 കോച്ചിലായിരുന്നു യുവതിയുടെ പ്രസവം. സംഭവമറിഞ്ഞെത്തിയ റെയിൽവെ ഉദ്യോഗസ്ഥർ യുവതിയെയും പെൺകുഞ്ഞിനെയും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം, ഹൃദയ സംബന്ധമായ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരൻ ഹൃദയാഘാതം മൂലം ട്രെയിനിൽ വെച്ച് മരിച്ചു. 55 കാരനായ രാമേശ്വർ ആണ് മരിച്ചത്. പാട്നയ്ക്ക് സമീപം ട്രെയിൻ കുടുങ്ങിയതോടെ കടുത്ത ചൂടിൽ രാമേശ്വറിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |