ന്യൂഡൽഹി : അസം കരാറും പൗരത്വ നിയമത്തിലെ 6 എ വകുപ്പും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷത്തോടെ അംഗീകരിച്ച നടപടിയിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ബംഗ്ലാദേശിൽ നിന്നടക്കം അസാമിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വിധി ആശ്വാസമാകുമ്പോഴും,1971 മാർച്ച് 25 മുതൽ സംസ്ഥാനത്ത് എത്തിയവരെ അനധികൃത കുടിയേറ്റക്കാരായി കോടതി പ്രഖ്യാപിച്ചത് വിഷയം സങ്കീർണമാക്കും.1971ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റവിഷയത്തെ സുപ്രീംകോടതി സമീപിച്ചത്. അതിനാൽ തന്നെ നിശ്ചിതകാലത്തേക്ക് രാജ്യത്തേക്ക് എത്തിയവരെ മാത്രമാണ് സംരക്ഷിച്ചത്. 1966 ജനുവരി ഒന്നിന് മുമ്പ് അസാമിലേക്ക് കുടിയേറിയവരെ ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 1966 ജനുവരി ഒന്നു മുതൽ 1971 മാർച്ച് 25 വരെയുള്ള കാലയളവിൽ കുടിയേറിയവർക്ക് പൗരത്വത്തിന് അപേക്ഷിച്ച് അതു നേടിയെടുക്കാം. എന്നാൽ,1971 മാർച്ച് 25 മുതൽ അസാമിലെത്തിയവർ അനധികൃത കുടിയേറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഇവരെ കണ്ടെത്തി ഡീപോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.വിധി നടപ്പാക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേക ബെഞ്ചും രൂപീകരിക്കും.
ഒഴിപ്പിക്കൽ എങ്ങനെ ?
അനധികൃത കുടിയേറ്രക്കാരുടെ കൃത്യമായ കണക്ക് പക്കലില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുടിയേറ്റ വിഷയം കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണലുകളിൽ 97,714 പൗരത്വ അപേക്ഷകൾ നിലവിലുണ്ട്.അസാമും ബംഗ്ലാദേശുമായുള്ള കിലോമീറ്ററുകളോളം അതിർത്തി പ്രദേശങ്ങളിൽ വേലിയുമില്ല,നിരീക്ഷണസംവിധാനവുമില്ല. ഇക്കാര്യം പരിഗണിച്ച കോടതി കാര്യക്ഷമമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് താത്പര്യപ്പെടുന്നത്. നടപടികൾ നേരിട്ട് വിലയിരുത്താൻ കോടതി തീരുമാനിച്ചതോടെ ശക്തമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിക്കേണ്ടി വരും. ലക്ഷക്കണക്കിന് പേരെ നാടുകടത്താനുള്ള പ്രക്രിയ വൻവെല്ലുവിളിയാണ്.ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഫലനമുണ്ടാക്കും.
അനുകൂലിച്ചും പ്രതികൂലിച്ചും
വിധിയെ ബി.ജെ.പി ദേശീയ നേതൃത്വം സ്വാഗതം ചെയ്യുമ്പോൾ വിയോജിപ്പാണ് അസാമിലെ പല നേതാക്കളും പ്രകടിപ്പിക്കുന്നത്. അസാമിലെ കോൺഗ്രസ് നേതൃത്വം അനുകൂലിക്കുന്നു. ജീവിക്കൂ,ജീവിക്കാൻ അനുവദിക്കൂയെന്ന സന്ദേശമാണിതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രതികരിച്ചു. കരാറിനെ കോടതിയിൽ കേന്ദ്രം അനുകൂലിച്ചിരുന്നു. 1985ലെ പ്രത്യേക സാഹചര്യത്തിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ കേന്ദ്രസർക്കാരും അസാം മൂവ്മെന്റ് നേതാക്കളും കരാർ ഒപ്പിട്ടതും നിയമഭേദഗതി കൊണ്ടുവന്നതും. ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
കുടിയേറ്റം അസാമിലെ സാംസ്കാരിക സ്വത്വത്തെ ബാധിച്ചുവെന്ന് ആരോപിച്ച ഹർജികളിലായിരുന്നു സുപ്രധാനവിധി. കോടതി നിലപാട് നിർഭാഗ്യകരമെന്ന് ഹർജിക്കാർ പ്രതികരിച്ചു.രാജ്യമൊട്ടാകെ 1951 ആണ് പൗരത്വത്തിനുള്ള കട്ട് ഓഫ്. 1971 ആക്കി നിശ്ചയിച്ചപ്പോൾ 20 വർഷത്തെ കുടിയേറ്റ ഭാരം വഹിക്കേണ്ട സാഹചര്യമാണ് അസാമിനുണ്ടായിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |