ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ. മുസ്‌തഫാബാദ് എംഎൽഎ മോഹൻ സിംഗ് ബിഷ്‌ത് ആണ് തന്റെ മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നത്. മുസ്‌തഫാബാദിന് പകരം ശിവ്‌പുരി എന്നോ ശിവ് വിഹാർ എന്നോ പേര് മാറ്റുമെന്നാണ് പ്രഖ്യാപനം.
എഎപി സ്ഥാനാർത്ഥിയായ അദീൽ അഹ്മദ് ഖാനെ 17,578 വോട്ടിന് തോൽപ്പിച്ചാണ് മോഹൻ സിംഗ് മുസ്‌തഫാബാദിൽ വിജയിച്ചത്. 2020ൽ എഎപി സ്ഥാനാർത്ഥിയായ ഹാജി യൂനുസ് ആയിരുന്നു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
'പേര് മാറ്റുന്നതിന് മുൻപായി സെൻസസ് നടത്തും. ശേഷം മുസ്‌തഫാബാദിനെ ശിവ്‌പുരിയെന്നോ ശിവ് വിഹാർ എന്നോ പേരുമാറ്റും. ഞാൻ വിജയിച്ചാൽ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞാനത് എന്തായാലും ചെയ്യും'- മോഹൻ സിംഗ് വ്യക്തമാക്കി. തന്റെ വിജയം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച മോഹൻ സിംഗ് മണ്ഡലത്തിൽ വികസനങ്ങൾ കൊണ്ടുവരുമെന്നും പറഞ്ഞു.
അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം മുസ്തഫാബാദ് സീറ്റിൽ താഹിർ ഹുസൈനെ മത്സരിപ്പിച്ചെങ്കിലും 33,474 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ് എത്താനായത്. കോൺഗ്രസിന്റെ അലി മെഹ്ദി 11,763 വോട്ടുകൾ നേടി നാലാം സ്ഥാനം നേടി.
അതേസമയം, 27 വർഷത്തിനുശേഷമാണ് ബിജെപി ഡൽഹിയിൽ ഭരണം തിരിച്ചുപിടിച്ചിരിക്കുന്നത്. 70 നിയമസഭ സീറ്റുകളിൽ 48 ഇടത്തും ബി.ജെപി വിജയിച്ചു. 2020ൽ ബിജെപിക്ക് കിട്ടിയത് എട്ട് സീറ്റ് മാത്രമായിരുന്നു. അന്ന് 62 സീറ്റ് നേടിയ എഎപിയെ ഇത്തവണ ബിജെപി 22 സീറ്റിൽ തളച്ചു. ഒരുകാലത്ത് തലസ്ഥാനം അടക്കിവാണിരുന്ന കോൺഗ്രസ് തുടർച്ചയായി മൂന്നാമതും പൂജ്യത്തിലൊതുങ്ങി. സിപിഎം, സിപിഐ പാർട്ടികളുടെ വോട്ടുശതമാനം 'നോട്ട"യ്ക്കും താഴെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |